ചമ്പക്കുളം: തെങ്ങ് നിലനിർത്തി റോഡ് ടാർ ചെയ്തത് വിചിത്ര കാഴ്ചയായി. കാടമ്പുറം ജംഗ്ഷനു സമീപമാണ് തെങ്ങ് റോഡിൽ നിർത്തി റോഡ് ടാർ ചെയ്തിരിക്കുന്നത്.
റോഡ് വശത്തുനിന്ന് ഏകദേശം രണ്ടടിയോളം മാറി നിൽക്കുന്ന തെങ്ങ് അതുപോലെ നിലനിർത്തി കോൺക്രീറ്റ് ചെയ്ത് ബാരിക്കേടും നിർമിച്ചിരിക്കുന്നു.
ഉത്തരവാദിത്വമുള്ള വകുപ്പ് യാത്രക്കാർ അപകടത്തിൽ പെടാതിരിക്കാൻ റിഫ്ളക്ടർ സ്ഥാപിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. റോഡ് നിർമാണത്തിന്റെ പേരിൽ നിരവധി വൻ മരങ്ങൾ പോലും മുറിച്ച് മാറ്റുമ്പോഴാണ് അധികം കായ്ഫലം ഇല്ലാത്ത ഒരു തെങ്ങ് ഇപ്രകാരം നിലനിർത്തി ചുറ്റും കോൺക്രീറ്റ് ചെയ്ത് യാത്രക്കാരുടെ ശ്രദ്ധയ്ക്കായി റിഫ്ലക്ടറും ഘടിപ്പിച്ചിരിക്കുന്നത്.
പൊതുവേ പടഹാരം തകഴി റോഡിന് വീതി കുറവാണ് എന്ന ആക്ഷേപം നിലനില്ക്കുമ്പോഴാണ് ഇപ്രകാരം റോഡിൽ തെങ്ങ് നിലനിർത്തിയുള്ള പൊതുമരാമത്തുവകുപ്പിന്റെ തമാശ. തെങ്ങിന് ചുറ്റും കോൺക്രീറ്റ് ചെയ്തു പോയതിനാൽതന്നെ തെങ്ങ് കാലതാമസം കൂടാതെ നശിക്കാനുള്ള സാധ്യതയുമുണ്ട്. തെങ്ങ് നിലനിർത്തി റോഡ് നിർമാണം നടത്തിയ കരാറുകാരുടേയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടേയും വിചിത്രമായ നടപടിയിൽ അദ്ഭുതപ്പെടുകയാണ് നാട്ടുകാർ.