കൊച്ചി: കൊച്ചി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഒന്പത്, 10 തീയതികളിൽ നടക്കുന്ന ഇന്ത്യയിലെ പ്രമുഖ സൈബർ സുരക്ഷാ-ഹാക്കിംഗ് കോൺഫറൻസായ ‘കൊക്കൂൺ 2026’ന്റെ പ്രീ കോൺഫറൻസ് പരിശീലന പരിപാടികൾ ആറുമുതൽ എട്ടുവരെ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ലധികം അന്താരാഷ്ട്ര പ്രഭാഷകരും 20ലധികം രാജ്യങ്ങളിൽനിന്നുള്ള 3,000ലധികം പ്രതിനിധികളും പങ്കെടുക്കുന്ന കൊക്കൂൺ 2026ൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.
പ്രായോഗിക പരിശീലനം, പരീക്ഷണങ്ങൾ, സൈബർ സുരക്ഷാ വെല്ലുവിളികൾ, മത്സരങ്ങൾ, വിദഗ്ധരുമായി ആശയവിനിമയം എന്നിവയ്ക്കുള്ള പ്രത്യേക വേദികളായി സൈബർ വില്ലേജുകൾ ഒരുക്കിയിരിക്കുന്നു.
ഐഒടി സെക്യുരിറ്റി വില്ലേജ്, ഡിജിറ്റൽ ഫുട്പ്രിന്റ് കണ്ടെത്തൽ, അറ്റാക്ക് സർഫസ് ഡിസ്കവറി, അന്വേഷണരീതികൾ തുടങ്ങിയവയിൽ പ്രാധാന്യം നൽകുന്ന റെക്കൺ വില്ലേജ്, കൊക്കൂണിന്റെ പ്രധാന സൈബർ സുരക്ഷാവേദികളിലൊന്നായ സൈബർ ത്രെട്ട് ഇന്റലിജൻസ് വില്ലേജ്, ലാർജ് ലാംഗേജ് മോഡൽസ്, ഏജന്റിക് എഐ സംവിധാനങ്ങൾ, മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോകോൾ എന്നിവയുടെ സുരക്ഷ പ്രതിപാദിക്കുന്ന എഐ സെക്യൂരിറ്റി വില്ലേജ്, വ്യവസായ മേഖലയിൽ ഉപയോഗിക്കുന്ന പ്രത്യേക സംവിധാനങ്ങളും പ്രോട്ടോകോളുകളും നേരിടുന്ന സൈബർ ഭീഷണികളും പ്രായോഗികമായി മനസിലാക്കാൻ സഹായിക്കുന്ന ഒടി / ഐസിഎസ് സെക്യുരിറ്റി വില്ലേജ്, സപ്ലൈ ചെയിൻ സെക്യുരിറ്റി വില്ലേജ് എന്നിവ ഇതിൽ ഉണ്ടായിരിക്കും.
കൊക്കൂൺ 2026ൽ സൈബർ ലോകത്തെ ഏറ്റവും പുതിയ വിവര സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിന് പൊതുജനങ്ങൾക്കും, കോൺഫറൻസിൽ പങ്കെടുക്കാം. അതിനായി https://c0c0n.org/ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.