Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ColetteKress

 ട്രില്യൺ ഡോളർ കുതിപ്പിന് പിന്നിലെ സ്ത്രീശക്തി; ഇന്ന് എൻവിഡിയയുടെ അമരത്ത്: ആരാണ് കോലെറ്റ് ക്രെസ്?

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിപ്ലവത്തിലൂടെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന എൻവിഡിയയുടെ തലപ്പത്തുനിന്ന് ജെൻസൺ ഹുവാംഗ് സ്ഥാനമൊഴിയുന്നതോടെ, എഐ വ്യവസായത്തിന് അതിന്‍റെ ഏറ്റവും വലിയ വക്താവിനെയാണ് നഷ്ടമായത്.

അദ്ദേഹം എഐ രംഗത്തെ വൻശക്തിയായി വളർത്തിയെടുത്ത ഈ ചിപ്പ് നിർമാണ കമ്പനിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടത്തിലാണ് ഹുവാംഗ് ഒഴിച്ചിട്ട കസേരയിലേക്ക് കോലെറ്റ് ക്രെസ് എന്ന 59കാരി എത്തുന്നത്.

എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ ആയാണ് നിയമിതയായിരിക്കുന്നത്. ആഗോള ടെക് ലോകത്തെ ഏറ്റവും കരുത്തുറ്റ സിംഹാസനങ്ങളിൽ ഒന്നിലേക്ക് ഒരു വനിത കടന്നുവരുമ്പോൾ, അത് കേവലമൊരു പദവിമാറ്റം മാത്രമല്ല; മറിച്ച്, സിലിക്കൺ വാലിയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു നാഴികക്കല്ലാണ്.

ആരാണ് കോലെറ്റ് ക്രെസ്?

ലോകം മുഴുവൻ എൻവിഡിയയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, കമ്പനിയുടെ സഹസ്ഥാപകനായ ജെൻസൺ ഹുവാംഗിനൊപ്പം തന്നെ ചേർത്തുവെക്കേണ്ട പേരാണ് കോലെറ്റ് ക്രെസ്. ഒരു ദശാബ്ദത്തിലേറെയായി എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്ന നിലയിൽ കമ്പനിയുടെ സാമ്പത്തിക ഭദ്രതയ്ക്കും അവിശ്വസനീയമായ വളർച്ചയ്ക്കും പിന്നിൽ പ്രവർത്തിച്ചത് ഈ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവാണ്.

2013 സെപ്റ്റംബറിലാണ് എൻവിഡിയയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും ചീഫ് ഫിനാൻഷ്യൽ ഓഫീസറായും ക്രെസ് എത്തുന്നത്. അന്ന് വെറുമൊരു ഗ്രാഫിക്സ് ചിപ്പ് നിർമാണ കമ്പനി മാത്രമായിരുന്ന എൻവിഡിയയെ, ഇന്നത്തെ ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ലോകത്തെ ഏറ്റവും വലിയ എഐ ഭീമനാക്കി മാറ്റിയതിൽ അവരുടെ സാമ്പത്തിക തന്ത്രങ്ങൾക്ക് വലിയ പങ്കുണ്ട്.

ഗവേഷണത്തിനും വികസനത്തിനുമായി കൃത്യമായ നിക്ഷേപങ്ങൾ നടത്തുന്നതിലും, ഓഹരി ഉടമകളുടെ വിശ്വാസം നേടിയെടുക്കുന്നതിലും കോലെറ്റ് കാണിച്ച മികവ് ടെക് ലോകത്ത് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

ക്രെസ് കമ്പനിയിൽ ചേർന്ന വർഷം 4.13 ബില്യൺ ഡോളറായിരുന്ന എൻവിഡിയയുടെ വാർഷിക വരുമാനം, 2026 സാമ്പത്തിക വർഷത്തിൽ ഇത് 215.9 ബില്യൺ ഡോളറായി വളർന്നുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

13 വർഷം മൈക്രോസോഫ്റ്റിൽ

എൻവിഡിയയിൽ ചേരുന്നതിന് മുൻപ്, 1997 മുതൽ 2010 വരെ ക്രെസ് മൈക്രോസോഫ്റ്റിൽ പ്രവർത്തിച്ചിരുന്നു. മൈക്രോസോഫ്റ്റിന്‍റെ 'സെർവർ ആൻഡ് ടൂൾസ്' വിഭാഗത്തിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി സേവനമനുഷ്ഠിച്ചത് അവരുടെ പ്രധാന പദവികളിൽ ഒന്നാണ്. നാല് വർഷത്തോളം അവർ ഈ സ്ഥാനത്ത് തുടർന്നു.

കൂടാതെ, സിസ്കോയുടെ ബിസിനസ് ടെക്നോളജി ആൻഡ് ഓപ്പറേഷൻസ് ഫിനാൻസ് ഓർഗനൈസേഷന്‍റെ സീനിയർ വൈസ് പ്രസിഡന്‍റെയും സിഎഫ്ഒയായും മൂന്ന് വർഷം ക്രെസ് സേവനമനുഷ്ഠിച്ചു. നേരത്തെ, ടെക്സസ് ഇൻസ്ട്രുമെന്‍റ്സിൽ എട്ട് വർഷം ഫിനാൻസ് റോളുകളിൽ അവർ ശോഭിച്ചു.

വിദ്യാഭ്യാസവും വ്യക്തിജീവിതവും

അരിസോണ സർവകലാശാലയിൽ നിന്ന് ഫിനാൻസിൽ ബിരുദം നേടിയ കോലെറ്റ്, സതേൺ മെത്തഡിസ്റ്റ് സർവകലാശാലയിൽ നിന്നാണ് എംബിഎ പൂർത്തിയാക്കിയത്. ജോലിഭാരങ്ങൾക്കിടയിലും കുടുംബജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അവർ. രണ്ട് ആൺമക്കളുടെ അമ്മയായ കോലെറ്റ്, ജോലിയും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് പല വേദികളിലും സംസാരിച്ചിട്ടുണ്ട്.

നേതൃത്വപാടവം

ശാന്തവും എന്നാൽ അതിശക്തവുമായ തീരുമാനങ്ങളിലൂടെയാണ് കോലെറ്റ് ക്രെസ് അറിയപ്പെടുന്നത്. ജെൻസൺ ഹുവാംഗിന്‍റെ സാങ്കേതിക ദർശനങ്ങളെ കൃത്യമായ ബിസിനസ് കണക്കുകളിലേക്കും വളർച്ചയിലേക്കും പരിവർത്തനം ചെയ്യുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു.

എൻവിഡിയയുടെ താത്കാലിക മേധാവിയായി അവർ ചുമതലയേൽക്കുമ്പോൾ, കമ്പനിയുടെ പ്രവർത്തനങ്ങൾ ഒട്ടും പതറാതെ മുന്നോട്ട് പോകുമെന്ന് നിക്ഷേപകരും ടെക് വിദഗ്ധരും ഒരുപോലെ ഉറച്ചുവിശ്വസിക്കുന്നതും ഈ കാര്യക്ഷമത കൊണ്ടാണ്.

'ഞങ്ങളുടെ ഉപഭോക്താക്കൾ, പങ്കാളികൾ, ഡെവലപ്പർമാർ, ഓഹരിയുടമകൾ എന്നിവർക്ക് സേവനം നൽകുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എൻവിഡിയയുടെ കരുത്ത് എപ്പോഴും അതിലെ ജീവനക്കാരിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്'- എന്നാണ് ചുമതലയേറ്റതിനു പിന്നാലെ ക്രെസ് പ്രതികരിച്ചത്.

ജെൻസൺ ഹുവാംഗ് എന്ന അതികായന്‍റെ അഭാവത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനികളിലൊന്നിനെ നയിക്കാൻ നിയോഗിക്കപ്പെട്ടതിലൂടെ, കൃത്യമായ ദീർഘവീക്ഷണവും കഠിനാധ്വാനവുമുണ്ടെങ്കിൽ നേതൃത്വനിരയിൽ സ്ത്രീശക്തിക്ക് പകരക്കാരില്ലെന്ന് കോലെറ്റ് ക്രെസ് വീണ്ടും തെളിയിക്കുന്നു.

Latest News

Corehub Up