ചെറായി: മുസിരിസ് പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറത്ത് വാട്ടർ ഫ്രണ്ട് വാക്ക്വേ വരുന്നു. പള്ളിപ്പുറം കോട്ടയുടെ മുൻവശത്ത് ആരംഭിച്ച് മഞ്ഞുമാതാ പള്ളിക്ക് മുന്നിൽ അവസാനിക്കുന്ന രീതിയിലാണ് വാട്ടർ ഫ്രണ്ട് വാക്ക്വേ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച പ്രാഥമിക യോഗം ടോണി ചമ്മണി എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
കോട്ടയുടെ മുൻവശത്ത് മനോഹരമായ പാർക്ക്, ഓപ്പൺ ജിം, ലൈറ്റ് ഷോ ഉൾപ്പെടെയുള്ള വിനോദ സംവിധാനങ്ങൾ, ഇരിപ്പിടങ്ങൾ, ആകർഷകമായ ലൈറ്റ് സംവിധാനം എന്നിവയും ഒരുക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം തദ്ദേശീയർക്ക് കുടുംബസമേതം സമയം ചെലവഴിക്കാനും വിശ്രമിക്കാനും കഴിയുന്ന മികച്ച വിനോദസഞ്ചാര കേന്ദ്രമായി പ്രദേശത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ വിശദീകരണം നൽകിയ മുസിരിസ് പ്രോജക്ട് ലിമിറ്റഡ് സിഇഒ കെ.എസ്. ഷൈൻ പറഞ്ഞു.