തിരുവനന്തപുരം: പ്രാർഥനാമലരുകളുമായി ആയിരക്കണക്കിന് അജഗണങ്ങൾ പരിശുദ്ധ കബറിങ്കലേക്ക് ഒഴുകിയെത്തി. ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയാങ്കണം അക്ഷരാർഥത്തിൽ ജനസമുദ്രമായി. വൈകുന്നേരം നടന്ന മെഴുകുതിരി പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കുചേര്‍ന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ മലങ്കര കത്തോലിക്കാ സമൂഹങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥാടകരും പ്രധാന പദയാത്രയോടൊപ്പം ചേര്‍ന്നു. കബറിടത്തില്‍ തീര്‍ഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ എടുത്താണ് പദയാത്രികര്‍ കബറിടത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സന്ധ്യാ നമസ്കാരത്തിന് ശേഷം ആയിരങ്ങള്‍ കത്തിച്ച മെഴുകുതിരികളുമായി കത്തീഡ്രലില്‍ നിന്നും പ്രദക്ഷിണമായി പുറപ്പെട്ടു.
ജോണ്‍ പോള്‍ രണ്ടാമന് ഗേറ്റ് വഴി കാതോലിക്കേറ്റ് സെന്റര്‍ അങ്കണത്തിലൂടെ സെന്റ് മേരീസ് സ്കൂള്‍ അങ്കണം വഴി പ്രധാന റോഡിലിറങ്ങിയ തീര്‍ഥാടകരുടെ മെഴുകുതിരി പ്രദക്ഷിണം കത്തീഡ്രല്‍ ഗേറ്റിലൂടെ കത്തീഡ്രല്‍ അങ്കണത്തില്‍ പ്രവേശിച്ചു.
തുടര്‍ന്ന് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ കബറില്‍ ധൂപപ്രാര്‍ഥന നടത്തി. തുടര്‍ന്ന് കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നും ആഘോഷമായ അപ്പസ്തോലിക ആശീര്‍വാദം നല്കി. മുഖ്യതിഥിയായി പങ്കെടുക്കുന്ന സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂളയും മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ജനത്തെ ആശീര്‍വദിക്കാന്‍ കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ എത്തിയിരുന്നു.
ഇന്നു രാവിലെ എട്ടിന് കര്‍ദിനാള്‍ ഡോ.ആന്റണി പൂളയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ വരവേല്‍പ്പ് കത്തീഡ്രല്‍ ഗേറ്റില്‍ നല്‍കും. കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്താമാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് ആഘോഷമായ സ
മൂഹബലിയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും.
കഴിഞ്ഞ 15 ദിവസമായി നടന്നുവരുന്ന മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍ ഇന്ന് സമാപിക്കും.