കൊച്ചി: സമൂഹത്തെ ഒന്നിപ്പിക്കാനാണ് സമുദായ നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
വെള്ളാപ്പള്ളി നടേശനില്നിന്ന് ഇപ്പോഴുണ്ടാകുന്നത് സമൂഹം ആഗ്രഹിക്കുന്ന പ്രതികരണങ്ങളല്ലെന്നും മതമൈത്രി നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും ജനീഷ് കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്ന ഒരാളില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളല്ല വെള്ളാപ്പള്ളിയില്‍ നിന്നുണ്ടാകുന്നത്.
കരണത്തടിക്കുന്നതോ കരി ഓയില്‍ ഒഴിക്കുന്നതോ ആരെയും കായികമായി നേരിടുന്നതോ യൂത്ത് കോണ്‍ഗ്രസ് ശൈലിയല്ല. ഹിംസാത്മകമായ രീതിയിലുള്ള പ്രതികരണങ്ങളോട് യോജിക്കുന്നില്ല.
അതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ കരണത്തടിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞത്. പ്രസ്താവനകള്‍ ചെന്നുപതിക്കുന്നയിടങ്ങള് കൃത്യമായി പരിശോധിച്ച് വേണം പരസ്യ പ്രതികരണം നടത്തേണ്ടതെന്നും ജനീഷ് പറഞ്ഞു.