മധുര സ്വദേശിയായ മാലതി എന്ന 76-കാരിയുടെ വിശ്രമജീവിതം ഇന്ന് തിരുപ്പറൻകുണ്ഡ്രത്തെ നൂറുകണക്കിന് വാനരന്മാർക്ക് താങ്ങാവുകയാണ്.
തമിഴ്നാട് പോലീസ് വകുപ്പിൽ 33 വർഷത്തെ സേവനത്തിന് ശേഷവും, ഗാന്ധിഗ്രാം സർവകലാശാലയിലെ കായികവിഭാഗം ഡയറക്ടർ പദവി അടക്കമുള്ള ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച ശേഷമാണ് ഇവർ പൂർണമായും മൃഗസംരക്ഷണത്തിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ 10 വർഷമായി തന്റെ പെൻഷൻ തുകയുടെ വലിയൊരു പങ്കും ഈ വാനരക്കൂട്ടത്തിന് ഭക്ഷണമെത്തിക്കാനായി ഇവർ മാറ്റിവെക്കുന്നു. തുടക്കത്തിൽ എല്ലാ ദിവസവും വന്നിരുന്ന മാലതി, പ്രായത്തിന്റെ അവശതകളും ആരോഗ്യപ്രശ്നങ്ങളും കാരണം ഇപ്പോൾ എല്ലാ ശനിയാഴ്ചകളിലുമാണ് ഇവിടെയെത്തുന്നത്.
തിരുപ്പറൻകുണ്ഡ്രം മുരുകൻ ക്ഷേത്രപരിസരം, ഗുഹാ ക്ഷേത്രം, മയിൽ തോപ്പ് ഉൾപ്പെടെയുള്ള ആറോളം കേന്ദ്രങ്ങളിലായി ഏകദേശം നാനൂറോളം കുരങ്ങുകളാണ് ഇവരെ കാത്തിരിക്കുന്നത്.
കൃത്യം 3:30-ന് ഭക്ഷണവുമായി എത്തുന്ന മാലതിയുടെ വിളി കേൾക്കുമ്പോൾ തന്നെ മലമുകളിൽ നിന്നും കുരങ്ങുകൾ കൂട്ടത്തോടെ ഓടിയെത്തുന്നത് ഈ പ്രദേശത്തെ ഒരു സ്ഥിരം കാഴ്ചയാണ്.
തനിക്ക് ഏറെ മാനസിക സംതൃപ്തി നൽകുന്ന ഈ ജീവകാരുണ്യ പ്രവർത്തനം ആയുസുള്ളതുവരെ തുടരണമെന്നാണ് ഈ എഴുപത്തിയാറുകാരിയുടെ ആഗ്രഹം.