കോഴിക്കോട്: യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ലുധിയാനയിലേക്ക് പോയത് ട്രാക്ക് സ്യൂട്ടില്ലാതെ. ഈ മാസം ഒന്നു മുതൽ മൂന്നുവരെയായിരുന്നു മത്സരം.
ട്രാക്ക് സ്യൂട്ട് നിര്‍ബന്ധമായും വേണമെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കേരള ടീമിനോട് നിര്‍ദേശിച്ചത് തിരുവോണ ദിവസമായ ഓഗസ്റ്റ് 26ന്. ഓണത്തോടനുബന്ധിച്ചുള്ള അവധിയായതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ട്രാക്ക് സ്യൂട്ട് കണ്ടെത്താന്‍ വളരെയധികം സമ്മര്‍ദം അനുഭവിക്കേണ്ടി വന്നതായി ടീം മാനേജ്മെന്റ് ആരോപിച്ചു.
28നാണ് ടീം പഞ്ചാബിലേക്ക് തിരിച്ചത്. ഡല്‍ഹിയിലുള്ള സണ്‍ സ്പോര്‍ട്സ് എന്ന സ്വകാര്യ കമ്പനിയെ ടീം മാനേജ്മെന്റ് ട്രാക്ക് സ്യൂട്ടിനായി സമീപിച്ചു. എന്നാല്‍, മുമ്പ് ട്രാക്ക് സ്യൂട്ട് വാങ്ങിയ ഇനത്തില്‍ വലിയ തുക കേരളം നൽകാനുള്ളതിനാല്‍ മുന്‍കൂറായി പണം നല്‍കണമെന്നായിരുന്നു കമ്പനിയുടെ നിലപാട്. പാലക്കാട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ട്രാക്ക് സ്യൂട്ട് വാങ്ങാന്‍ തീരുമാനിച്ചു.
എന്നാല്‍, ട്രാക്ക് സ്യൂട്ടിന്റെ പിറകില്‍ കേരളം എന്നും മുന്നില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ എംബ്ലവും വയ്ക്കാന്‍ നിര്‍ദേശം വന്നതോടെ ടീം മാനേജ്മെന്റ് വീണ്ടും കടുത്ത സമ്മര്‍ദത്തിലായി. ട്രാക്ക് സ്യൂട്ടില്‍ കേരളം എന്ന് എഴുതാനും എംബ്ലം പതിപ്പിക്കാനുമുള്ള സമയം മാനേജ്മെന്റിന് കിട്ടിയില്ല. തുടര്‍ന്ന് ലുധിയാനയിലെത്തിയാണ് ഇത് പൂര്‍ത്തിയാക്കിയത്.