മങ്കൊമ്പ്: ടോറസുകളുടെ മത്സരപ്പാച്ചിലിൽ പൊറുതിമുട്ടി നാട്ടുകാർ. നിർമാണം നടക്കുന്ന മുളയ്ക്കാംതുരുത്തി-വാലടി റോഡിലാണ് അമിതഭാരം കയറ്റിയ ടോറസ് ലോറികൾ നാട്ടുകാരിൽ ഭീതിപടർത്തുന്നത്. റോഡിനു താങ്ങാവുന്നതിലധികം ഭാരം കയറ്റിയോടുന്നതുമൂലം റോഡുവക്കിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും കേുടുപാടുകൾ സംഭവിക്കുന്നതായും പരാതിയുണ്ട്.
നിർമാണജോലികൾ നടക്കുന്നതിന്റെ ഭാഗമായി റോഡിനു ഇരുവശങ്ങളിലും കരിങ്കൽ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇരുവശങ്ങളിലും ആഴത്തിൽ കുഴികളെടുത്തിരിക്കുന്നതിനാൽ നിലവിൽ റോഡിനു വീതി തീരെ കുറവാണ്. ഇതിനാൽ വലിയ വാഹനങ്ങൾ കഷ്ടിച്ചാണ് കടന്നുപോകുന്നത്. ഭാരവാഹനങ്ങളുടെ ഗതാഗതം മൂലം റോഡ് ഇടിയാനുള്ള സാധ്യത ഏറെയാണ്.
വീതികുറഞ്ഞ റോഡിൽ ടോറസ് പോലെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്. നിരവധി സ്കൂൾ വിദ്യാർഥികളാണ് റോഡിലൂടെ കാൽനടയായി യാത്രചെയ്യുന്നത്. രാപകൽ ഭേദമെന്യേ ടോറസ് ലോറികൾ കടന്നുപോകുന്നതുമൂലം നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
പല വീടുകളുടെയും ഭിത്തികൾക്കു വിള്ളൽ വീണനിലയിലാണ്. റോഡ് മോശമാണെങ്കിലും ഭാരവാഹനങ്ങൾ വേഗത്തിലാണ് ഗതാഗതം നടത്തുന്നത്. തുരുത്തി ഭാഗത്തുനിന്ന് കിടങ്ങറ ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങൾക്കു പുറമെ, റോഡു നിർമാണത്തിനുള്ള മണ്ണും മറ്റുമായി പോകുന്ന ഭാരവണ്ടികളുമാണ് പ്രധാനമായി ഇതുവഴി സർവീസ് നടത്തുന്നത്. പൂർണമായും പാടശേഖരങ്ങളിൽക്കൂടി കടന്നുപോകുന്ന റോഡുകൾക്ക് ഇത്തരം വഹനങ്ങളെ വഹിക്കാൻ ശേഷിയില്ലാത്തവയാണ്.
എത്ര നവീകരണ ജോലികൾ നടത്തിയാലും ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ റോഡ് തകർച്ചയ്ക്കു ശാശ്വത പരിഹാരമാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടാം ഘട്ട നവീകരണ ജോലികൾ ആരംഭിച്ചു രണ്ടുവർഷത്തോടടുക്കുമ്പോഴും നിർമാണജോലികൾ എങ്ങുമെത്താത്തതിലും നാട്ടുകാർക്കു കടുത്ത അതൃപ്തിയാണുള്ളത്.