International
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്‍പോ രണ്ടു വർഷം മുന്‍പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന്‍ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
Business
കൊച്ചി: കേരളത്തിന്റെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ നൗ കോണ്‍ക്ലേവുമായി ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ. 20 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററിലാണ് കോണ്‍ക്ലേവ് നടക്കുക.
കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം എംഎല്‍എമാരായ അന്‍വര്‍ സാദത്തും റോജി എം.ജോണും ചേര്‍ന്ന് നിര്‍വഹിച്ചു. ബില്‍ഡേഴ്സ് അസോസിയേഷന് കേരള ഘടകം ചെയര്മാന് കെ.എ. ജോണ്സണ് അധ്യക്ഷത വഹിച്ചു.
District News
കോഴഞ്ചേരി: നാടിന്റെ വികസനത്തെ രാഷ്ട്രീയമായി കൂട്ടിക്കലര്‍ത്തരുത് എന്ന സന്ദേശവുമായി അമൃതധാര ഗോശാല ട്രസ്റ്റ് ചെയര്മാന് അജയകുമാര്‍ വല്ല്യൂഴത്തില്‍ ആരംഭിച്ച വികസന കോണ്‍ക്ലേവിന് തുടക്കമായി.
ആറന്മുള ഐക്കര ജംഗ്ഷനിലെ ബദാംമരത്തിന്റെ ചുവട്ടില്‍ പ്രത്യകമായി തയാറാക്കിയ ഇരിപ്പിടത്തിലായിരുന്നു കോണ്‍ക്ലേവ് ആരംഭിച്ചത്. സമൂഹത്തിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് കോണ്‍ക്ലേവ് സജീവമായി. രാവിലെ 10 ന് ആരംഭിച്ച കോണ്‍ക്ലേവ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.രാഷ്ട്രീയ മത അഭിപ്രായങ്ങള്‍ കോണ്‍ക്ലേവില്‍ അനുവദിച്ചിരുന്നില്ല. ഗൗരവപൂര്‍ണമായ ആവശ്യങ്ങളാണ് ഉയര്‍ന്നുവന്നത്.
ആറന്മുള ക്ഷേത്ര ടൗണ്‍ഷിപ്പു മുതല്‍ എയിംസ് വരെ ആറന്മുളയിലുണ്ടാകാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ആറന്മുള ഗ്രാമപഞ്ചായത്ത് മെംബര്‍ പ്രസാദ് വേരുങ്കൽ, മുന്‍ മെംബര്‍ എസ്.ആർ. ഉണ്ണികൃഷ്ണന്, ഭരത് രാജ്, കഥകളി കഥാകാരന് ഫാക്ട് മോഹൻ, ആറന്മുള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ വി.ജി. മോഹനന്, കിടങ്ങന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഗിരീഷ് , വ്യാപാരിവ്യവസായി പ്രതിനിധി കെ. കെ. ജയിൻ, ആറന്മുള വികസന സമിതി അംഗമായ അശോകൻ, ആറന്മുള ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയന് നടമംഗലത്ത് തുടങ്ങിയവര്‍ നിരവധി ആവശ്യം ഉന്നയിക്കുകയും പ്രത്യേകം തയാറാക്കിയ പദ്ധതി രേഖ അജയകുമാര്‍ വല്ല്യൂഴത്തിന് കൈമാറുകയും ചെയ്തു.
വികസന കോണ്‍ക്ലേവില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പദ്ധതി രേഖയായി പുതിയ പഞ്ചായത്ത് സമിതിക്കും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നൽകും. ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ വികസന കോൺക്ലേവ് നടക്കും.
Editorial
പട്ടികവർഗക്കാരോ സ്ത്രീയോ ആയതിന്റെ പേരിൽ നിത്യവും വെള്ളിത്തിരയ്ക്കു മുന്നിൽ മാത്രം ഇരിക്കേണ്ടിവന്നവർക്ക് അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം രോഷജനകമാണ്.
ഉദ്ദേശ്യം എത്ര ശുദ്ധമാണെങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദളിത്-വനിതാ ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ മികവിനെക്കുറിച്ച് ഒരു സംശയവുമില്ലാത്തവർക്കും സ്വീകാര്യമായിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതുകൊണ്ടുമാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു പരാമര്‍ശം.
ദളിതരുടെയും സ്ത്രീകളുടെയും സിനിമയ്ക്കു സാന്പത്തിക പിന്തുണ നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ന്യൂനതയുണ്ടെന്ന ധ്വനിയും അടൂരിന്റെ വാക്കുകളിലുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ അടൂരിനോടു യോജിക്കുന്നവരുമുണ്ട്. അതുകൊണ്ട്, രണ്ടു മാസത്തിനകം രൂപീകരിക്കാനിരിക്കുന്ന സിനിമ-സീരിയൽ നയത്തെ കുറ്റമറ്റതാക്കാനുള്ള ചർച്ചയായി ഇതിനെ പരിഗണിക്കുന്നതിൽ തെറ്റില്ല.
തിരുവനന്തപുരത്തു നടത്തിയ സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ പരാമർശം. “പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാന്‍ വരുന്നവർക്കു പരിശീലനം നൽകണം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സിനിമാ നിര്‍മാണത്തിനായി ഇവര്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് വളരെ കൂടുതലാണ്.
50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുത്.” അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരേ കടുത്ത വിമര്‍ശനങ്ങൾ അപ്പോൾതന്നെ ഉണ്ടായി. സംവിധായകന് ഡോ. ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസിലുള്ളവര്‍ മറുപടി നല്കി. സിനിമയെടുത്താണ് പഠിക്കുന്നതെന്നു ഗായിക പുഷ്പലത പ്രതികരിച്ചു. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരൻ തന്പിയും പ്രതികരിച്ചു.
അടൂർ ലോകപ്രശസ്ത ചലച്ചിത്രകാരനാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ സിനിമയെ തൊടില്ലെങ്കിലും വ്യക്തിപരമായ നിലപാടുകളെയും സിനിമാനുബന്ധ പ്രവർത്തനങ്ങളിലെ താത്പര്യങ്ങളെയും സംശയനിഴലിലാക്കും. അടൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നത്, രാജ്യത്ത് സമസ്തമേഖലയിലുമുള്ള ദളിത്-സ്ത്രീ സംവരണങ്ങൾക്കും മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നു പറയുന്നതിനു തുല്യമാണ്.
അതിൽ ഒരു മേലാള മനോഭാവവും അസഹിഷ്ണുതയും ആരോപിക്കപ്പെടും. മത്സരാധിഷ്ഠിതവും സവർണമനോഭാവം ആഴത്തിലുള്ളതുമായ സമൂഹത്തിൽ ഒരാൾക്കു കഴിവുണ്ടായാൽ മാത്രം പോരാ, അതിനെ പരിപോഷിപ്പിക്കാനുള്ള പണവും സാഹചര്യവും സാമൂഹികതുല്യതയും ആവശ്യമാണ്. അതിന്റെയൊക്കെ അപര്യാപ്തതയെ പരിഹരിക്കാനാണ് സംവരണം ഇന്നും നിലനിർത്തേണ്ടി വരുന്നത്. അതു പിന്നാക്കമായിപ്പോയവരുടെ കുറ്റമല്ല, സമത്വം പ്രയോഗത്തിൽ വരുത്താത്ത സിസ്റ്റത്തിന്റെ കുറ്റമാണ്.
മറ്റേതൊരു മേഖലയിലും എന്നപോലെ സിനിമയിലും ദളിതരുടെ സാന്നിധ്യം നാമമാത്രമാണ്. ലോകസിനിമയിൽ കറുത്തവന്റെ അവസ്ഥയ്ക്കു സമാനമായ ഇന്ത്യൻ അനീതി! സ്ത്രീകളുടെ കാര്യം പറഞ്ഞാൽ, അഭിനയരംഗത്തുൾപ്പെടെ അവരുണ്ട്. പക്ഷേ, തലയൊന്നുയർത്താനുള്ള ശ്രമത്തിനിടെ അവരിൽ വലിയൊരു വിഭാഗത്തിന്റെയും ശരീരത്തിലും മനസിലുമേറ്റ പരിക്കുകൾ അടുത്തിയിടെ അനാവരണം ചെയ്യപ്പെട്ടിരുന്നു.
അതേക്കുറിച്ച് ആലോചിക്കാനും നയം രൂപീകരിക്കാനും കൂടിയായിരുന്നു കോൺക്ലേവ് നടത്തിയത്. അവിടെയാണ് അടൂർ ഇതൊക്കെ പറഞ്ഞത്. മറ്റു ചില പരാമർശങ്ങളും അടൂർ നടത്തി. “അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടന്നത്.
നശിച്ചുകിടന്ന സ്ഥാപനത്തെ ഇന്ത്യയിലെ ഒന്നാം നമ്പറായി മാറുന്നതിനിടെയായിരുന്നു സമരം. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കി. ടെലിവിഷന്‍ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ല...” ഇതൊക്കെ ചർച്ച ചെയ്യാവുന്നതാണ്. അതേസമയം, അശ്ലീലം കാണാന്‍ മാത്രം ഫിലിം ഫെസ്റ്റിവലിലേക്ക് ആളുകൾ ഇടച്ചുകയറുന്നെന്ന നിരീക്ഷണത്തിനു യാഥാർഥ്യബോധമില്ല.
അശ്ലീലദൃശ്യങ്ങൾ കാണാൻ തിയറ്ററിൽ ഇടിച്ചുകയറേണ്ട കാലം കഴിഞ്ഞത് അടൂർ അറിഞ്ഞില്ല! ചന്തയിൽനിന്നു തിയറ്ററിലെത്തുന്നവർക്കു നിലവാരമില്ലെന്ന മുൻവിധിയും ആവശ്യമില്ല. പഠിച്ചിട്ടുവേണം സിനിമ ചെയ്യാനെന്നും കൂടുതൽ പേർക്ക് അവസരം കൊടുക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്ന അദ്ദേഹത്തിന്റെ പ്രതികരണം സത്യസന്ധമായിരിക്കാം. പക്ഷേ, കേട്ടവർക്ക് തോന്നിയില്ല.
അതേസമയം, ഒന്നരക്കോടിയുടെ ധനസഹായം അർഹതയുള്ളവർക്കു കൊടുക്കണം, കൊടുക്കുന്നതിൽ ഭരണകക്ഷി-രാഷ്ട്രീയ താത്പര്യങ്ങൾ കടന്നുകൂടരുത്, പണം ജനങ്ങളുടേതായതിനാൽ ഓഡിറ്റിംഗ് ഉണ്ടാകണം, സിനിമയ്ക്കായി കൊടുക്കുന്ന പണം മറ്റിനങ്ങളിലേക്കു പാഴാകരുത്... തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ അടൂരിന്റെ അഭിപ്രായങ്ങളെ ഉപയോഗിക്കുകയും ചെയ്യാം.
പക്ഷേ, മൂലധനമില്ലാതിരുന്നതിനാൽ, പട്ടികവിഭാഗത്തിൽ പെട്ടതായതുകൊണ്ടുമാത്രം പണമിറക്കാൻ നിർമാതാക്കളില്ലാതിരുന്നതിനാൽ, പുരുഷാധിപത്യത്തെ അതിജീവിക്കാനാകാത്തതിനാൽ... ആഗ്രഹമുണ്ടായിട്ടും വെള്ളിത്തിരയ്ക്കു മുന്നിൽ മാത്രം ഇരിക്കേണ്ടിവന്ന പ്രതിഭകളുണ്ട്. അനന്തരം അവരും സിനിമാക്കാരാകട്ടെ.
Leader Page
ഭൂപരിഷ്കരണ നിയമത്തിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീ സർവേ. 1966ലാണ് കേരളത്തിൽ റീ സർവേ നടപടികൾ ആരംഭിച്ചത്. പല സംസ്ഥാനങ്ങളിലും സർവേപോലും ആരംഭിച്ചിട്ടില്ല എന്ന വസ്തുത നിലനിൽക്കേയാണ് 66ൽ കേരളം ഭൂ റീസർവേ നടപടികൾക്ക് തുടക്കമിട്ടത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ റീസർവേ നടപടികൾ എത്തിനിന്നിരുന്നത് 921 വില്ലേജുകളിലായിരുന്നു.
ചങ്ങല വലിച്ചും ലിങ്സ് അടയാളപ്പെടുത്തി ശ്രമകരമായ സർവേ നടപടികളായിരുന്നു അന്ന്. 1995ൽ ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ (ഇടിഎസ്) എന്ന സാങ്കേതിക വിദ്യയിലേക്ക് കടന്നു. 2021 ൽ ഇന്നു കാണുന്ന ഡിജിറ്റൽ റീ സർവേയെ കുറിച്ച് ആലോചിക്കുമ്പോൾ, അതുവരെയുള്ള 16 വർഷം കൊണ്ട് ഇടിഎസ് സഹായത്തോടെ അളന്നത് കേവലം 92,000 ഹെക്ടർ ഭൂമി മാത്രമായിരുന്നു.
ഈയൊരു പ്രത്യേക ഘട്ടത്തിലാണ് വളരെ വേഗത്തിൽ പൂർത്തിയാവുന്നതും ഏറ്റവും സുതാര്യവുമായ ഡിജിറ്റൽ റീസർവേ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. 2022 നവംബർ ഒന്നിനാണ് ഡിജിറ്റൽ റീസർവേ നടപടികൾ മുഖ്യമന്തി ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ ആകെ ഉള്ളത് 35 ലക്ഷം ഹെക്ടറാണ്. അതിൽ ഏതാണ്ട് ഏഴ് ലക്ഷം ഹെക്ടർ വനമൊഴിച്ചുള്ള 28 ലക്ഷം ഹെക്ടറിന്റെ നാലിൽ ഒന്ന് ഭാഗവും ഈ കുറഞ്ഞ കാലം കൊണ്ട് അളന്ന് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ കൃത്യതയും വേഗതയും കൈവരിക്കാൻ സാധിച്ചു എന്നതാണ് നേട്ടം.
ഡിജിറ്റൽ റീ സർവേയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 639 വില്ലേജുകളിൽ ആരംഭിച്ച റീ സർവേ നടപടികൾ 312 വില്ലേജുകളിൽ പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ പുരോഗമിക്കുകയുമാണ്. റീസർവേ നടപടികൾ പൂർത്തിയായ വില്ലേജുകളിൽ രണ്ട് പ്രവർത്തനങ്ങൾ കൂടി നടപ്പാക്കി വരികയാണ്. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി, റവന്യു വകുപ്പിന്റെ പോർട്ടലായ റെലിസും രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളും സർവേ വകുപ്പിന്റെ പോർട്ടലായ ഇ-മേപ്പും സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ ഒറ്റ പോർട്ടലാണ് അതിൽ ഏറ്റവും പ്രധാനം.
ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ മറ്റൊരു ചരിത്ര നടപടിക്കു കൂടി കേരളം തയാറാവുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഭൂ വിവരങ്ങളടങ്ങിയ ഒരു ആധികാരിക ഡിജിറ്റൽ റവന്യു കാർഡ് കേരളം അവതരിപ്പിക്കുകയാണ്. ക്യൂആർ കോഡും പത്തക്ക ഡിജിറ്റൽ നമ്പറും ഡിജിറ്റൽ റവന്യു കാർഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ റീ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂ ഉടമകളുടെ കൈവശം എത്തിത്തുടങ്ങും. വിവിധ ഓഫീസുകളിൽ കയറിയിറങ്ങാതെതന്നെ അവരുടെ ഭൂമിയും അതിലെ കെട്ടിടങ്ങളും സംബന്ധിച്ച മുഴുവൻ വിവരങ്ങളും എടിഎം കാർഡ് വലുപ്പത്തിലുള്ള റവന്യു കാർഡിൽ ലഭ്യമാകും.
ഇക്കാര്യങ്ങളിൽ കേരളത്തെ പഠിക്കാൻ വേണ്ടി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സർവേ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ എത്തിച്ചേർന്ന അനുഭവങ്ങൾ നമുക്കുണ്ടായി. ഈ സാഹചര്യത്തിലാണ് ലോകത്തെ മുഴുവൻ ഈ നേട്ടങ്ങളെ പരിചയപ്പെടുത്താൻ കഴിയും വിധം, ‘സ്മാർട്ട് ലാൻഡ് ഗവേണൻസ്’ ആധാരമാക്കി റവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഭൂമി’ - ദേശീയ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 23 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇതിനകം രജിസ്ട്രേഷൻ ഉറപ്പിച്ചുകഴിഞ്ഞു. ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കോവളം ഉദയ് സമുദ്ര ഹോട്ടലിലാണ് കോൺക്ലേവും എക്സ്പോയും നടക്കുക. സമാപന ദിവസമായ 28ന് വിവിധ ജില്ലകളിൽ തുടരുന്ന ജനകീയ ഡിജിറ്റൽ റീ സർവേ നേരിട്ട് കാണാനും ചാലകശക്തിയായ ഉദ്യോഗസ്ഥരുമായി സംവദിക്കാനും പ്രതിനിധികൾക്ക് അവസരമൊരുക്കും.