പാലക്കാട്: നവംബർ ഒന്നുമുതൽ ആരംഭിച്ച ഭരണഭാഷാവാരാഘോഷ പരിപാടികൾക്ക് സമാപനമായി. ജില്ലാതല സമാപന സമ്മേളനം ജില്ലാ കളക്ടർ കെ. സുധീർ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠഭാഷാപദവിയുള്ള മലയാളഭാഷ മികച്ച സാഹിത്യ കൃതികൾ കൊണ്ടും വൈജ്ഞാനിക ഗ്രന്ഥങ്ങൾ കൊണ്ടും സന്പന്നമാണെന്ന് കളക്ടർ പറഞ്ഞു.
ജില്ലയുടെ സാംസ്കാരികസാഹിത്യ പാരന്പര്യം വളരെ ഉന്നതമാണ്. ഉദ്യോഗസ്ഥർ നല്ല ഭാഷ സ്വായത്തമാക്കുകയും സാധാരണക്കാർക്ക് മനസിലാകുന്ന ലളിതമായ മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യുകയും വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാരങ്ങളും കളക്ടർ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എഡിഎം എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ.ആർ. പ്രസാദ്, ഹുസൂർ ശിരസ്തദാർ പി. ഷാജി, ജൂനിയർ സൂപ്രണ്ട് എൻ.ആർ. ശ്രീവത്സൻ എന്നിവർ പ്രസംഗിച്ചു. വോയ്സ് ഓഫ് കളക്ടറേറ്റ് അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി.