ഒരുവശത്ത് ഒറ്റദിവസംകൊണ്ട് അരക്ഷിതാവസ്ഥയിലായ നാട്ടുകാര്‍. മറുവശത്ത് മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ട് ജീവന്‍പോലും പണയപ്പെടുത്തി എത്തിയവര്‍. ആഫ്രിക്കന്‍ അതിര്‍ത്തിയിലുള്ള സെവ്ത എന്ന ചെറിയ ഉപദ്വീപിന്റെ ദയനീയാവസ്ഥയാണിത്.
സ്പെയിനിന്റെ അധികാരപരിധിയിലുള്ള യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ സെവ്ത കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വര്‍ഷങ്ങളായി മൊറോക്കോയില്‍നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സെവ്തയിലേക്ക് കുടിയേറിയിട്ടുണ്ട്.
പക്ഷേ വ്യാഴാഴ്ച നടന്ന സംഭവങ്ങള്‍ സെവ്ത ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നിലവില്‍ 85,000 ജനങ്ങളാണ് സെവ്തയില് ഉള്ളത്. ഇവരില്‍ ക്രൈസ്തവരും മുസ്ലിംകളും സ്പാനിഷുകാരും മൊറോക്കോക്കാരുമൊക്കെയുണ്ട്. ഇവിടേക്കാണ് മൊറോക്കോയിൽനിന്ന് ആയിരക്കണക്കിനു കുടിയേറ്റക്കാര്‍ കൂട്ടത്തോടെയെത്തിയത്. ഏറെക്കുറെ 60,000ത്തില്‍പ്പരം ആളുകള്‍!
സെവ്ത ലക്ഷ്യമിടാന്‍ കാരണം
1580 മുതല്‍ സെവ്ത സ്പെയിനിന്റെ അധീനതയിലാണ്. പക്ഷേ, മൊറോക്കോ സെവ്ത യെ അധിനിവേശ ഭൂമിയെന്നാണ് വിശേഷിപ്പിക്കുന്നത്. സ്പെയിനിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും പ്രവേശിക്കാനുള്ള ഒരു പാലമായാണ് സെവ്ത കണക്കാക്കപ്പെടുന്നത്. മൊറോക്കോയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ചാല്‍ സെവ്തയില് എ എത്താം.
‘വിവ എസ്പാഞ്ഞ!’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് അഭയാര്‍ഥികള്‍ എത്തിയത്. ഭൂരിഭാഗവും പുരുഷന്മാരായിരുന്നുവെങ്കിലും സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങളും അവരിലുണ്ടായിരുന്നു. സെവ്തയുടെ അതിര്‍ത്തികള്‍ കുടിയേറ്റക്കാര്‍ തകര്‍ത്തു. സുരക്ഷാസേനയ്ക്ക് കാഴ്ചക്കാരായി നോക്കിനില്ക്കേണ്ടിവന്നു.
പെട്ടെന്നുള്ള പ്രവാഹത്തിനു കാരണം
കടല്‍ വഴിയുള്ള കുടിയേറ്റക്കാരെ ഉടന്‍ മൊറോക്കോയിലേക്കു തിരിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് സ്പാഷിഷ് സുപ്രീംകോടതി ഈ മാസം ആദ്യം വിധിച്ചിരുന്നു. ഇതു മുതലെടുത്തുകൊണ്ടുള്ള മനുഷ്യക്കടത്ത് ലോബിയുടെ ഇടപെടലാണ് വലിയ അഭയാർഥി പ്രവാഹത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. അതേസമയം മൊറോക്കോ പരമാധികാരം അവകാശപ്പെടുന്ന പടിഞ്ഞാറന്‍ സഹാറയുടെ നിയന്ത്രണത്തെച്ചൊല്ലി അള്‍ജീരിയയുമായി സ്പെയിന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിന്റെ പ്രതികാരനടപടിയുടെ ഭാഗമാണിതെന്നും ചിലര്‍ സംശയിക്കുന്നു.
രാജ്യത്ത് ഇതിനകം തടസങ്ങളില്ലാതെ കഴിയുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാനുള്ള സ്പെയിനിന്റെ പുതിയ പദ്ധതിയാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് വലതുപക്ഷ വിമര്‍ശകരുടെ കുറ്റപ്പെടുത്തൽ
ഇനിയെന്ത് ?
സെവ്തയില് സ്ഥിതി സാധാരണ നിലയിലാക്കാന്‍ സ്പെയിന് കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിര്‍ത്തിസുരക്ഷ നടപ്പിലാക്കുന്നതിനായി സൈനികരെ അയയ്ക്കുമെന്നും വ്യോമ-നാവിക പിന്തുണയോടെ പട്രോളിംഗ് നടത്താന്‍ ഡൈവിംഗ് ടീമുകളെ നിയോഗിക്കുമെന്നും സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. മൊറോക്കോയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അനധികൃതമായി കടന്നവരെ തിരിച്ചയയ്ക്കാന്‍ സ്പെയിനും മൊറോക്കോയും താത്കാലിക കരാറിലെത്തി.