ന്യൂഡൽഹി: നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ നേതൃത്വത്തിലുള്ള 12 വർഷത്തെ ഭരണം രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ ആഘാതമേൽപ്പിച്ചു. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ പോലും നിലവിലെ സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാക്കുക ഏറെ ദുഷ്കരമായിരിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
തന്റെ ആത്മകഥയായ ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശങ്ങൾ. 2004ൽ പ്രധാനമന്ത്രി പദം നിരസിക്കുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നും സോണിയ വ്യക്തമാക്കി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി മികച്ചൊരു ടീമായി പ്രവർത്തിക്കാൻ കഴിഞ്ഞു.
ഇറ്റലിക്കാരിയെന്ന് വിളിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും സോണിയ കൂട്ടിച്ചേർത്തു. അതേസമയം സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളുടെ വായ് മൂടിക്കെട്ടിയത് സോണിയ ഗാന്ധിയുടെ പാർട്ടിയല്ലേയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ചോദിച്ചു.
1975ൽ നടന്ന സംഭവങ്ങൾ സോണിയ ഗാന്ധി മറന്നുപോയോയെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും പരിഹസിച്ചു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് ലോക രാജ്യങ്ങൾ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു.