കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രകടനത്തിൽ സംവാദമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുവേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേരത്തേ എംപിമാരുടെ പ്രകടനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയെ കെ.സി. വേണുഗോപാൽ സംവാദത്തിനു വെല്ലുവിളിച്ചിരുന്നു.
ഇതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചപ്പോൾ എവൈ കാറ്റഗറി കാർഡുകൾ റദ്ദാക്കുമോയെന്ന ചോദ്യം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കാൻ യുഡിഎഫ് എംപിമാർ ശ്രമിച്ചു. പാർലമെന്റിൽ കേരളവിരുദ്ധ നിലപാടാണ് യുഡിഎഫ് എംപിമാർ സ്വീകരിക്കുന്നത്. അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യം യുഡിഎഫിന്റെ കുബുദ്ധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “സ്വർണക്കൊള്ള കേസിലെ പ്രതികൾക്കെതിരായ പാർട്ടി നടപടി പറയേണ്ടത് ഞാനല്ല.
സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണത്തിന്റെ ആവശ്യമില്ല. നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇപ്പോൾ അവർക്കും ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ട്’’ - മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് എകെജി സെന്ററിൽവച്ച് അത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു.
അന്നുതന്നെ അവരുടെ നിലപാടുകളോടുള്ള എതിർപ്പ് താൻ പ്രകടിപ്പിച്ചിരുന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരെന്ന് അവരുടെ മുഖത്തു നോക്കി ചോദിച്ചു. ഇപ്പോൾ ജമാ അത്തെ ഇസ്ലാമിയുടെ വക്താക്കളായി വരുന്ന കോൺഗ്രസ് തന്നെ ഒരിക്കൽ അവരെ നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.1992ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടിവന്നു.
ഇതിലുള്ള പ്രതിഷേധവോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിനു ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗീയ സംഘടനയാണെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പടെയുള്ള വേദിയിൽ പങ്കെടുത്തതിനാണു സമുന്നതനായ നേതാവ് കെ.വി. തോമസിനെതിരേ കോൺഗ്രസ് നടപടിയെടുത്തത്.
ഇന്നിപ്പോൾ വർക്കിംഗ് കമ്മിറ്റി അംഗമായ ശശി തരൂർ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നതേയില്ല. എന്താ വേണ്ടതെന്ന് അവർ ആലോചിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കടക്ക് പുറത്ത് = ദയവായി പുറത്തേക്ക് പോകുമോ?
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള ‘കടക്ക് പുറത്ത്’ പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിളിച്ചയിടത്തു മാത്രം മാധ്യമപ്രവര്‍ത്തകര്‍ പോകുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ എവിടെയും വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ.
വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിനു പകരം പുറത്ത് കടക്കെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും.
അത്രയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.