കോട്ടയം: രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തിനുവേണ്ടി പുതിയതായി യാതൊന്നും നിര്‍ദേശിക്കാനാകാതെ നുണകള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പും വഞ്ചനയും മാത്രം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയത്തു നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരട്ടത്താപ്പാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ എസ്ഐആറിനെ പിന്തുണച്ചവര്‍ അതിനെതിരേ രാഹുല്‍ഗാന്ധിയുടെ വാക്കുംകേട്ട് ഡല്‍ഹിയില്‍ച്ചെന്ന് സമരം നടത്തുകയാണ്. വോട്ടുചോരിയല്ല, തട്ടിപ്പു നടത്തുന്നവര്‍ക്ക് വോട്ടു കിട്ടുന്നില്ലെന്നതാണ് സത്യത്തില്‍ വിഷയം.
പിണറായി വിജയനെ ജയിലില്‍ അടയ്ക്കണമെന്നാണ് രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത്. അധികാരത്തിലേറിയപ്പോള്‍ സതീശന് സര്‍ക്കാര്‍ പിണറായിയെ സംരക്ഷിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. ശബരിമലയിലെ തട്ടിപ്പിന്റെ പാട്ടുംപാടി വോട്ടുനേടിയ യുഡിഎഫ് ഇന്ന് തട്ടിപ്പുകാരുടെ സംരക്ഷകരായെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പ്രഫ. എം. നാഗരാജ് എംപി,ദേശീയ സെക്രട്ടറി എം. വെങ്കിടേശൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ പ്രസിഡന്റുമാരായ ലിജിൻ ലാൽ, റോയ് ചാക്കോ, ദേശീയ കൗൺസിൽ അംഗങ്ങളായ ജോർജ് കുര്യൻ, പി. സി. ജോർജ്, മേഖലാ അധ്യക്ഷൻ എൻ. ഹരി, കെ. അജിത്, പി.ജി. ബിജുകുമാർ, ബി. രാധാകൃഷ്ണ മേനോൻ, കെ. ജി. രാജ് മോഹൻ, എസ്. രതീഷ്, ലാൽ കൃഷ്ണ, എൻ. കെ. ശശികുമാർ, മിനർവ മോഹൻ, അഖിൽ രവീന്ദ്രൻ, വി.എസ്. അജി തുടങ്ങിയവർ പ്രസംഗിച്ചു.
നാഗന്പടത്തുനിന്നും കഞ്ഞിക്കുഴിയിൽനിന്നും ആരംഭിച്ച പദയാത്രകൾ കളക്ടറേറ്റ് ജംഗ്ഷനിൽ സംഗമിച്ചു. സംഗമിച്ച പദയാത്ര കേന്ദ്രമന്ത്രി സുരേഷ് ഗോപി നയിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നു.