ന്യൂഡൽഹി: മണിപ്പുരിൽ 2023 മേയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിഷന് മൂന്നര വർഷം പിന്നിട്ടിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായില്ല.
ഇതോടെ കമ്മിഷന്റെ കാലാവധി ആറു മാസംകൂടി നീട്ടി. 2027 മേയ് 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു പുതിയ നിർദേശം. കമ്മിഷൻ രൂപീകരിച്ചതിനുശേഷം ഏഴാം തവണയാണു കാലാവധി നീട്ടുന്നത്.
2023 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അതേ വർഷം നവംബറിലായിരുന്നു കമ്മിഷൻ ആദ്യമായി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്.
2023 മേയ് മൂന്നിന് മണിപ്പുരിൽ ആരംഭിച്ച അക്രമങ്ങളുടെ കാരണങ്ങളും വ്യാപ്തിയും കലാപത്തിലേക്കു നയിച്ച സംഭവവികാസങ്ങളുമാണ് കമ്മിഷൻ പ്രധാനമായും അന്വേഷിക്കുന്നത്.
ഔദ്യോഗിക ഉദ്യോഗസ്ഥരുടെയോ മറ്റു വ്യക്തികളുടെയോ ഭാഗത്തുനിന്ന് വീഴ്ചയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ, അക്രമം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഭരണകൂടം സ്വീകരിച്ച നടപടികൾ പര്യാപ്തമായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.