Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുന്പ് കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതിനു ശേഷം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നൽകിയ നിർദേശപ്രകാരം ആദ്യം 123 വില്ലേജുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വില്ലേജുകൾ വിഭജിച്ചപ്പോൾ അത് 131 ആയി മാറുകയും കഴിഞ്ഞ സർക്കാർ അത് 98 വില്ലേജുകളാക്കി കുറയ്ക്കുകയും ചെയ്തു.
ഇപ്പോൾ വരുന്ന സംഘവുമായി സംസാരിച്ചു കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ കർഷകരെയും അവിടെ ജീവിക്കുന്ന ജനങ്ങളെയും ബാധിക്കാത്ത തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ യോഗം ചേർന്ന് കാര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിനു ശേഷം വിവരങ്ങൾ എംപിമാരെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് എംപിമാരുടെ യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിനു മുന്പു സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെപൂർണമായും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഏവിയേഷൻ പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്കു സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. മനുഷ്യ - വനന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ടു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം.
ഈ വിഷയങ്ങളിലെല്ലാം എം പിമാരുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാർ, എംപിമാർ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുത്തു.
International
ലോകത്തിന്റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാദുരന്തം പ്രവചിക്കുന്നത്.
നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.
കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ്, കാർഷിക മേഖലയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടം കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായമണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്റെ അളവ് താഴുന്നതും മഴയുടെ അഭാവവും നഗരത്തിന്റെ പച്ചപ്പ് പൂർണമായി ഇല്ലാതാക്കും.
മൂന്ന് പ്രധാനകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഗവേഷകർ
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. വർധിച്ച ബാഷ്പീകരണം പ്രധാനമായും എടുത്തുകാണിക്കുന്നു. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്നു. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ആഗോളതാപനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ്. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നു.
മൂന്നാമതായി ഗവേഷകർ പറയുന്നത്, കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിപ്പിക്കാൻ ഇടവരുത്തുന്നു എന്നതാണ്.
ഇന്ത്യക്കും മുന്നറിയിപ്പ്
ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും.
ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
District News
മാനന്തവാടി: ജല സംരക്ഷണത്തിന്റെ പ്രസക്തി വിളിച്ചോതി പ്രദേശത്തെ പ്രധാന നീരുറവ സംരക്ഷിക്കുവാൻ ഒരു നാട് മുഴുവൻ മുന്നിട്ടിറങ്ങി.
കാവിലുന്പാറ പഞ്ചായത്ത് ചാത്തൻകോട്ടുനട നീർത്തട പ്രദേശത്തെ പ്രധാനപ്പെട്ട നീരുറവ ആയിരുന്ന പൊയിലോംച്ചാൽ വലിയവീട്ടിൽ ഏലിയാസിന്റെ ഉടമസ്ഥതയിലുള്ള നീരുറവ വൃത്തിയാക്കാനാണ് പ്രദേശത്തെ നൂറോളം പേർ ഒത്തുചേർന്നത്. കുട്ടികളും സ്ത്രീകളും യുവജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളായി.
നീരുറവയിലെ മാലിന്യങ്ങൾ നീക്കം ചെയ്തും പരിസരത്തെ കാട് വെട്ടിനീക്കിയും ജലസ്രോതസ് വൃത്തിയാക്കി. കാവിലുന്പാറ പഞ്ചായത്തിൽ ചാത്തൻകോട്ടുനട നീർത്തട വികസന സമിതിയുടെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ പുതുതായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന നീരുറവ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതിയുടെ ജനകീയ ശ്രമദാനം എന്ന രീതിയിലാണ് ജല സ്രോതസ് വൃത്തിയാക്കിയത്. കാവിലുന്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ മണലിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻതോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരിച്ചു. ആറാം വാർഡ് അംഗം പവിത്രൻ വട്ടകണ്ടി, ഗ്രാമ പഞ്ചായത്ത് മെന്പർമാരായ പ്രിൻസി തുണ്ടിയിൽ, ദിവ്യ പൂവടിത്തറ, സൗമ്യ സജിത്ത് എന്നിവർ സംബന്ധിച്ചു. നീർത്തട വികസന സമിതി ചെയർമാൻ ടോമി പ്ലാക്കാട്ട്, സെക്രട്ടറി ജോസ് തകടിയേൽ, ചാത്തൻകോട്ടുനട നീർത്തട കമ്മിറ്റി ഭാരവാഹികൾ, പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകൾ, സ്വാശ്രയ സംഘങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവർ നേതൃത്വം നൽകി.