കാക്കനാട്: രണ്ടുലക്ഷത്തോളം പ്രഫഷണലുകൾ ജോലി ചെയ്യുന്ന ഐടി ഹബ്ബുകകളായ ഇൻഫോപാർക്ക്, സ്മാർട്സിറ്റി എന്നിവിടങ്ങളിലേക്ക് പോകാൻ ഏക ആശ്രയമായ കാക്കനാട് ഐഎംജി- ഇടച്ചിറ റോഡിൽ മരണഭീതിയില്ലാതെ യാത്ര ചെയ്യാൻ ഇപ്പോഴും ആവുന്നില്ലെന്ന് ടെക്കികളും നാട്ടുകാരും.
ഐടി മേഖലയിൽ ശ്രദ്ധ നേടിയതോടെ വിവിധ ലോകരാജ്യങ്ങളിൽ നിന്നും വമ്പൻ കമ്പനികളാണ് ഇൻഫോപാർക്ക്, സ്മാർട്സിറ്റി മേഖലകളിലേക്കും തങ്ങളുടെ ഐടി ബിസിനസ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം വിപ്രോ, ഐബിഎം, ലിറ്റ്മസ്, ലുലു ഐടി പാർക്കുകൾ നിരന്തരം മുന്നോട്ടു വച്ചെങ്കിലും തൃക്കാക്കര നഗരസഭയോ സർക്കാർ പൊതുമരാമത്ത് വകുപ്പോ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തിയില്ല. ഗ്രാമ പഞ്ചായത്തായിരുന്ന കാലത്ത് കാളവണ്ടികൾക്കും മറ്റു ചരക്കുവണ്ടികൾക്കും കടന്നു വരാനായി നിർമിച്ച അന്നത്തെ റോഡാണ് പിൽക്കാലത്ത് ടാർ ചെയ്ത് ഇന്നത്തെ കാക്കനാട് ഇടച്ചിറ ഇൻഫോപാർക്ക് റോഡായി മാറിയത്.
ഇടച്ചിറയോട് ചേർന്ന് ഏറ്റെടുത്ത ഏക്കറു കണക്കിന് ഭൂമിയിൽ പിന്നീട് ഐടി കമ്പനികൾ സ്ഥാപിക്കാനായി കിൻഫ്രയിൽ നിന്നുംസ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങിയഘട്ടത്തിലും റോഡ് വികസനത്തിന് വേണ്ടിയുള്ള ഒരു പദ്ധതിയും നഗരസഭയോ സർക്കാരോ അക്കാലത്ത് ഏറ്റെടുത്തില്ല.
കേരളത്തിലെ ഐടി ഹബ്ബുകളിൽ ഇൻഫോപാർക്കും, സ്മാർട്ട് സിറ്റിയും ഈ മേഖലയിൽ വൻ കുതിപ്പുകൾ നടത്തിയിട്ടും റോഡ്ഗതാഗതം തെല്ലും മെച്ചപ്പെട്ടിട്ടില്ലെന്നതു തന്നെയാണ് യാഥാർഥ്യം. തലങ്ങും വിലങ്ങും ഞെങ്ങി ഞെരുങ്ങിയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.
രാവിലെ ഏഴ് മുതൽ 11 വരെ സൂചി കുത്താൻ ഇടമില്ലാത്തത്ര വാഹനപ്പെരുപ്പമാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.കൊച്ചി കോർപറേഷന്റെ മാലിന്യ ലോറികൾ, പെട്രോളിയം ടാങ്കറുകൾ, കൂറ്റൻകുടിവെള്ള വണ്ടികൾ സ്വകാര്യ, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും കൂടിയാവുമ്പോൾ കാൽ നടയാത്രക്കാർക്കുപോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പതിറ്റാണ്ടുകളായി സർക്കാർ പുറമ്പോക്കുകൾ കൈയേറി മതിലുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ നിർമിച്ചവർ അവർകൈയേറിയ റവന്യൂ പുറന്പോക്ക് വിട്ടുകൊടുക്കാത്തതും, രാഷ്ട്രീയ സമ്മർദ്ദത്തിന്റെ മറവിൽ സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചാ മനോഭാവം കാണിക്കുന്നതും കാക്കനാട് ഇഫോപാർക്ക് റോഡ് വികസനത്തിന് തടസമാവുന്നതായും ആക്ഷേപമുണ്ട്.