‘ഇന്ത്യയിലെ ജനങ്ങളായ നാം’ നമുക്കുവേണ്ടി നമ്മളാൽ രൂപകല്പന ചെയ്ത ഭരണഘടനയെന്ന രാജ്യത്തിന്റെ ആധാരശില അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 76 വർഷം പൂർത്തിയാകുകയാണ്. ഭരണഘടനയെക്കുറിച്ചും അത് വിഭാവന ചെയ്യുന്ന ജനാധിപത്യ സംവിധാനത്തെക്കുറിച്ചുമുള്ള കൃത്യമായ അവബോധമാണ് മികച്ച പൗരന്മാരെ രൂപപ്പെടുത്തുന്നത്. രാഷ്ട്രം ജനങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നു പറയുന്നതുപോലെതന്നെ ജനങ്ങൾക്കുവേണ്ടിയുള്ളതാണ് ഭരണഘടനയും. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി കെട്ടിപ്പടുക്കുകയും എല്ലാ പൗരന്മാർക്കും സമത്വവും നീതിയും സ്വാതന്ത്ര്യവും തുല്യമായി ലഭ്യമാക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖത്തിൽ അടിവരയിട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ഭരണഘടനാലക്ഷ്യത്തിന്റെ പൂർത്തീകരണത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള കടമ ആർക്കാണ് എന്നു ചിന്തിച്ചുനോക്കേണ്ട സന്ദർഭമാണിത്. കഴിഞ്ഞ 76 വർഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭരണഘടനാലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ട തുടർനടപടികളെക്കുറിച്ച് ചിന്തിക്കേണ്ട സമയവുമാണിത്. ഭരണഘടനയുടെ ഉള്ളടക്കവും അതിന്റെ കെട്ടും മട്ടും പരിശോധിച്ചാൽ വ്യക്തമാകുന്നത് ഭരണഘടനാലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രഥമ ചുമതല നമുക്കുതന്നെയെന്നാണ്. കാരണം, ഭരണഘടന ആരും ദാനമായി നൽകിയതല്ല. നാം തന്നെ സൃഷ്ടിച്ച് നമുക്കെല്ലാവർക്കുമായി സമർപ്പിക്കപ്പെട്ടതാണത്.
ആകർഷകമായ രൂപകല്പന
അത്യന്തം മനോഹരവും ആകർഷകവുമായ രൂപകല്പനയും അവതരണവുമാണ് ഭരണഘടനയിൽ ഉടനീളം. മികച്ച വ്യക്തികളായിരുന്നു ഭരണഘടനാനിർമാണ സമിതിയിൽ ഉണ്ടായിരുന്നത്. എല്ലാ കാലത്തെയും അതിജീവിക്കാൻ പര്യാപ്തമായ ഭരണഘടനയാണ് രാജ്യത്തിന് ഉണ്ടാകേണ്ടതെന്ന നിർബന്ധവും നിശ്ചയദാർഢ്യവും അവർക്കുണ്ടായിരുന്നു. അവരുടെ വിശ്വസ്തതയും വിധേയത്വവും രാജ്യത്തെ ജനങ്ങളോടും അവരെ ഏല്പിച്ച ചുമതലയോടും മാത്രമായിരുന്നു.
ഭരണഘടനയുടെ ഒന്നാം ഭാഗത്തിൽ ഏതെല്ലാം ഭൂപ്രദേശങ്ങൾ ഇന്ത്യയിൽ ഉൾപ്പെടുമെന്ന് വിവരിച്ചിരിക്കുന്നു. രണ്ടാം ഭാഗം, പൗരത്വത്തിന്റെ അടിസ്ഥാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളാണ് മൂന്നാം ഭാഗത്തിൽ. നാലാം ഭാഗത്ത് നിർദേശകതത്വങ്ങളും ഭാഗം നാല് (എ)ൽ മൗലികചുമതലകളും വിവരിക്കുന്നു. തുടർന്ന് നമ്മുടെ ഭരണസംവിധാനത്തിന്റെ ഘടനയാണ്. യൂണിയൻ, സ്റ്റേറ്റുകൾ, പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ എന്നിങ്ങളെ മൂന്ന് തട്ടുകളായാണ് ഭരണ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.
ചരിത്രമുഹൂർത്തം
ഭരണഘടനാ നിർമാണസമിതി രാജ്യത്തെ ജനങ്ങൾക്കുവേണ്ടി ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26നാണ്. ആ ചരിത്രനിമിഷത്തിൽ ഭരണഘടനയുടെ മുഖ്യശില്പിയായിരുന്ന ഡോ. ബി.ആർ. അംബേദ്കർ നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറയുകയുണ്ടായി: “ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്കു പഴിപറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇന്നുമുതൽ അതിന് പ്രസക്തിയില്ലാതായിരിക്കുന്നു. ഇനിയങ്ങോട്ട് നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമ്മളെ തന്നെയാണ് കുറ്റം പറയേണ്ടത്.” ജനാധിപത്യ ഭരണക്രമത്തിൽ ഭരണഘടനയുടെ സൂക്ഷിപ്പുകാരായ ജനങ്ങൾ പുലർത്തേണ്ടതായ നിതാന്ത ജാഗ്രതയെ ഓർമപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ.
ഭരണഘടന നമ്മെ നയിക്കുന്നു
റിപ്പബ്ലിക്കിനുള്ളിൽ അധികാരം വിനിയോഗിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടനയെന്ന മൗലികനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചുമതലാ നിർവഹണം നടത്തുന്നത്. ഭരണകൂടവും നിയമനിർമാണ മേഖലയും നടത്തുന്ന അതിരുവിട്ട പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും കോടതികൾക്കാകും. കാരണം, ഭരണഘടന വ്യാഖ്യാനിക്കുന്നത് കോടതികളാണ്. അപ്രകാരമുള്ള വ്യാഖ്യാനങ്ങളും പ്രഖ്യാപനവും എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണ്. സുപ്രീംകോടതിക്കു മുന്പാകെ വരുന്ന ഏതൊരു വ്യവഹാരത്തിലും സംഗതിയിലും പൂർണമായ നീതി ചെയ്യുന്നതിനാവശ്യമായ തീർപ്പുകൾ കല്പിക്കാനോ ഉത്തരവുകൾ പുറപ്പെടുവിക്കാനോ ഉള്ള വിശേഷാധികാരം ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരം സുപ്രീംകോടതിക്ക് ഉണ്ടെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.
കുട്ടികൾക്ക് പ്രചോദനം
കുട്ടികളെ പ്രചോദിപ്പിക്കുന്ന, അവർക്കായി പ്രത്യേകം സംരക്ഷണ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം കുട്ടികൾക്ക് പ്രത്യേക സംരക്ഷണം ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. 24-ാം അനുച്ഛേദം ബാലവേലയും കുട്ടികളുടെ ചൂഷണവും നിരോധിക്കുന്നു. നിർദേശക തത്വങ്ങളിൽ ചിലത് കുട്ടികളുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നു വ്യക്തമാക്കുന്നു. കൊച്ചുകുട്ടികളെ മുതിർന്നവർ സങ്കുചിത താത്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നത് 39(ഇ) അനുച്ഛേദം തടയുന്നു. 21(എ) എന്ന പേരിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 2002ൽ കൂട്ടിച്ചേർത്ത അനുച്ഛേദം ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധപൂർണവുമായ വിദ്യാഭ്യാസം വ്യവസ്ഥചെയ്തു കൊടുക്കണമെന്ന് രാഷ്ട്രത്തെ പ്രേരിപ്പിക്കുന്നു. അനാഥബാല്യങ്ങൾക്ക് ശ്രദ്ധയും പരിചരണവും നൽകി ഭരണഘടന അവരെ സനാഥരാക്കുന്നു.
അനാചാരങ്ങൾക്ക് അറുതി
മനുഷ്യത്വരഹിതമായ അനാചാരങ്ങളായ അടിമത്തത്തിനും തൊട്ടുകൂടായ്മയ്ക്കും ശൈശവവിവാഹം, സതി തുടങ്ങിയ ദുരാചാരങ്ങൾക്കും രാജ്യത്ത് അവസാനം കുറിച്ചത് ഭരണഘടനയും ഭരണഘടനാ വീക്ഷണങ്ങളുമാണ്. തൊട്ടുകൂടായ്മയെ ഭരണഘടന അതിശക്തമായ വാക്കുകളിൽ നിരോധിക്കുന്നുണ്ട്. 17-ാം അനുച്ഛേദം അതിനു തെളിവാണ്. അത് സാമൂഹിക പരിഷ്കരണത്തിനു വഴിതുറന്നു.