തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തില്‍ കളിക്കളത്തിനായി സ്ഥലംവാങ്ങാനുള്ള നീക്കം പ്രതിസന്ധിയില്‍. ഭരണസമിതിയിലെ അഭിപ്രായഭിന്നതയാണ് പദ്ധതിക്കു വിലങ്ങുതടിയാകുന്നതെന്നാണ് ആക്ഷേപം. കളിക്കളം നിര്‍മിക്കുന്നതിനായി രണ്ടേക്കര്‍ ഭൂമി വാങ്ങാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പഞ്ചായത്ത് 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷവും ജില്ലാപഞ്ചായത്ത് 30 ലക്ഷവും ഉള്‍പ്പെടെ ആകെ 80 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഭൂമി വാങ്ങാനുള്ള നടപടികള്‍ക്കു മുന്നോടിയായി വിഷയം പഞ്ചായത്ത് കമ്മിറ്റി പരിഗണിച്ചപ്പോഴാണ് യുഡിഎഫിലെ ഘടകകക്ഷികളായ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നിവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
കുറച്ച് ഭൂമി ഏറ്റെടുത്താല്‍ ഭാവിയിലെ വികസനത്തിനു മതിയാകില്ലെന്നും കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമി വാങ്ങണമെന്നുമാണ് ഇവരുടെ നിര്‍ദേശം. ഒരിക്കല്‍ കുറഞ്ഞ സ്ഥലത്ത് കളിസ്ഥലം നിര്‍മിച്ചാല്‍ പിന്നീട് വികസനത്തിനായി കൂടുതല്‍ ഭൂമി കണ്ടെത്തുന്നതു പ്രയാസകരമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഫുട്ബോള്‍, ക്രിക്കറ്റ് മൈതാനം, ബാഡ്മിന്റണ്‍, വോളിബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഓപ്പണ്‍ ജിം, അത്ലറ്റിക്സ് ട്രാക്ക്, ഗാലറി, കുട്ടികള്‍ക്കായി കളി സ്ഥലം, പാര്‍ക്കിംഗ് ഏരിയ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ വേണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
നിര്‍മാണത്തിനായി അധികമായി വേണ്ടിവരുന്ന തുക എംപി ഫണ്ടില്‍നിന്ന് ലഭ്യമാക്കാമെന്നും അറിയിച്ചു. ഇതോടെ ഭൂമി വാങ്ങാനുള്ള തീരുമാനം ഒരു മാസത്തേക്ക് മാറ്റിവച്ചു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും എംപിഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍, അനുവദിച്ച 80 ലക്ഷം ഉപയോഗിച്ച് ഒരേക്കര്‍ ഭൂമി വാങ്ങാമെന്ന നിലപാടിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെത്തി. എന്നാല്‍ ഭരണസമിതിയംഗങ്ങള്ക്കിടയിലും ഭരണപക്ഷത്തുനിന്നുമുള്ള എതിര്‍പ്പുമൂലം നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
സ്ഥലമെടുപ്പ് വൈകുന്നതിനാല്‍ വണ്ണപ്പുറത്ത് കായിക താരങ്ങള്‍ക്കായി മികച്ച കളിസ്ഥലം എന്നത് നാട്ടുകാരുടെ സ്വപ്നം മാത്രമായി.