ചെത്തിപ്പുഴ: ക്രിസ്തു ജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഓട്ടോണമസ്) പുതുതായി ആരംഭിച്ച കൺസൾട്ടൻസി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി.കെ. ജോസ് നിർവഹിച്ചു.
കോളജിലെ അധ്യാപകരുടെ അക്കാദമിക പരിജ്ഞാനവും ഗവേഷണ മികവും സമൂഹത്തിന്റെയും വ്യവസായ മേഖലയുടെയും ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ വിദഗ്ധോപദേശവും പ്രായോഗിക പരിഹാരങ്ങളും ലഭ്യമാക്കുന്നതിനും ഗവേഷണാധിഷ്ഠിത പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും കേന്ദ്രം പ്രവർത്തിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് അധ്യാപകരുമായി നടത്തിയ സംവാദത്തിൽ അറിവിനെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ സാമൂഹിക പുരോഗതിക്കായി വിനിയോഗിക്കങ്ങമെന്ന് ടി.കെ. ജോസ് പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി മാത്യൂസ് ആമുഖ പ്രസംഗം നടത്തി. ഡയറക്ടർ ഫാ. ജസ്റ്റിൻ ജോർജ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. അഖിൽ കരിക്കാത്തറ, ഡോ. മാത്യു ജോസഫ്, അനു ഈപ്പൻ, ദിലീപ് പി.വി എന്നിവർ പ്രസംഗിച്ചു.
സർക്കാർ വകുപ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ കോളജിന്റെ അറിവും വൈദഗ്ധ്യവും സമൂഹത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ കേന്ദ്രം വഴിയൊരുക്കും.