ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത് മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലോചിച്ച ശേഷമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ചാണ് വിശദമായ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായിരുന്നു.
നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ അന്വേഷണത്തിനുള്ള നടപടികൾക്ക് അനുമതി നൽകുകയുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എംസി റോഡിന്റെ നവീകരണ പദ്ധതികൾക്കായുള്ള ബില്ലുകൾ പാസാക്കുന്നതിന് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കരാറുകാരൻ സാജന്റെ പരാതിയാണ് അന്വേഷണത്തിന് ആധാരം.
ഒപ്പം, നിർമാണക്കരാർ ഏറ്റെടുത്തിരുന്ന പതി ബെൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് മാനേജരായ മലേഷ്യൻ എൻജിനിയർ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കും.
ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ തടഞ്ഞുവച്ചതാണ് ബീന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ആരോപണം. 2006ൽ ഇതുസംബന്ധിച്ചു നടന്ന വിജിലൻസ് അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് കേസ് അവസാനിപ്പിച്ചിരുന്നു.