കടുത്ത ചൂടും മഴക്കുറവും കാരണം രാജ്യത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലേക്ക്. സാധാരണ വേനൽച്ചൂട് കുറയുന്നതോടെ സെപ്റ്റംബറിൽ രാജ്യത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകേണ്ടതാണ്. എന്നാൽ, വേനൽക്കാലത്തെ ഏറ്റവും ഉയർന്ന ആവശ്യകതയിലേക്കാണ് ഇപ്പോൾ സെപ്റ്റംബറിലെയും വൈദ്യുതി ഉപയോഗം എത്തിനിൽക്കുന്നത്.
കഴിഞ്ഞ പത്തിന് രാജ്യത്തെ പരാമവധി വൈദ്യുതി ആവശ്യകത 269 ജിഗാവാട്ടിൽ എത്തി. ഒരു സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മേയിൽ രേഖപ്പെടുത്തിയ 270 ജിഗാവാട്ടാണ് ഊ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.
ഉയർന്ന ചൂടും മഴക്കുറവും
എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും കടുത്ത ചൂടുമാണ് വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കാൻ കാരണമായത്. സെപ്റ്റംബറിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയാണു രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കാലവർഷം അവസാനിക്കാനിരിക്കേ രാജ്യത്ത് ഇതുവരെ 15 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ഒന്നുമുതൽ സെപ്റ്റംബർ പത്തുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തു ലഭിക്കേണ്ടത് 760.6 മില്ലിമീറ്റർ മഴയാണ്. എന്നാൽ, ഇക്കൊല്ലം ലഭിച്ചതാകട്ടെ 648 മില്ലിമീറ്റർ മഴയാണ്.
ഇരട്ടിയായി ഉപയോഗം
സെപ്റ്റംബർ ഒന്നുമുതൽ ഒന്പതുവരെയുള്ള കാലയളവിൽ മാത്രം രാജ്യത്തെ മൊത്തം വൈദ്യുതി ഉപയോഗം 49.84 ബില്യൺ യൂണിറ്റായി വർധിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 20.7ശതമാനത്തിന്റെ വർധനയാണ് ഇക്കുറിയുണ്ടായത്.
ഉത്പാദനത്തിൽ വൻ കുറവ്
മഴക്കുറവ് കാരണം രാജ്യത്തെ പ്രധാന ജലവൈദ്യുതി പദ്ധതികളിൽനിന്നുള്ള ഉത്പാദനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ രാജ്യത്തു ജലവൈദ്യുതി ഉത്പാദനത്തിൽ 10.85 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ ഗ്രിഡ് ഓപ്പറേറ്റർമാർക്ക് വേനലിൽ താപനിലയങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായിവന്നതും പ്രതിസന്ധി രൂക്ഷമാക്കി.
ഉപയോഗം വർധിച്ചതോടെ രാജ്യത്തെ ഭൂരിഭാഗം താപവൈദ്യുത നിലയങ്ങളിലും കൽക്കരി ശേഖരവും വൻതോതിൽ കുറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ ഒന്പത് വരെയുള്ള കാലയളവിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം 10.64 ശതമാനമായി വർധിച്ച് 6,12,663 ദശലക്ഷം യൂണിറ്റായിരുന്നു. രാജ്യത്തെ ഊർജോത്പാദനത്തിന്റെ 42ശതമാനവും താപവൈദ്യുതി നിലയങ്ങളെ ആശ്രയിച്ചയായതിനാൽ നിലവിലെ സ്ഥിതി സങ്കീർണമാക്കുന്നു.
രാത്രികാലങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകതയെ നേരിടാൻ ചെലവേറിയ ഗ്യാസ് അധിഷ്ഠിത പദ്ധതികളിൽനിന്നുള്ള ഉത്പാദനം ഈ മാസം ആദ്യവാരം 80.32 ശതമാനത്തോളമാണ് ഉയർത്തേണ്ടിവന്നത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയെ കാര്യമായി ബാധിക്കുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു.
വില കുത്തനെ കൂടി
ഉത്പാദനം കുറയുകയും ഉപയോഗം വർധിക്കുകയും ചെയ്തതോടെ എനർജി എക്സ്ചേഞ്ചുകളിൽ വൈദ്യുതിവില കുത്തനെ വർധിച്ചിരിക്കുകയാണ്. റിയൽടൈം മാർക്കറ്റിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ യൂണിറ്റിന് ശരാശരി 2.86 രൂപയായിരുന്നു വിലയെങ്കിൽ ഈ വർഷം വില 7.48 രൂപയായി വർധിച്ചു.
നിലവിലെ ചൂട് വർധിക്കുകയും കൽക്കരി ക്ഷാമം പരിഹരിക്കാനും കഴിഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ രാജ്യം ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ഊർജരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.