കോട്ടയം: ജില്ലയില്‍ വിവിധ റോഡുകളില്‍ മീന്ലോറികളില്നിന്നു മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കി.
പകല്‍, രാത്രി വ്യത്യാസമില്ലാതെ നിരവധി ലോറികളാണ് ജില്ലയിലെ വിവിധ റോഡുകളിലുടെ പാഞ്ഞുപോകുന്നത്. ഒട്ടുമിക്ക ലോറികളിൽനിന്നും മലിനജലം പ്രത്യേക കുഴലിലൂടെ റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. പലപ്പോഴും ഇത്തരം ലോറികള്‍ കടന്നു പോയിക്കഴിഞ്ഞാല്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരം ലോറികളില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് പലപ്പോഴും പുറത്തേക്ക് വരുന്നത്. ലോറികള്‍ കടന്നു പോയതിനുശേഷമുള്ള കുറച്ചു സമയത്തേക്കു റോഡിനിരുവശവും താമസിക്കുന്നവര്‍ കടുത്ത ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടുകയാണ്. ഒട്ടുമിക്ക ലോറികളിലും രാത്രിയിലാണ് മലിനജലക്കുഴലുകള്‍ റോഡിലേക്കു തുറന്നിടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്താകെ പരിശോധനകള്‍ നടത്തി നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയും സ്വീകരിച്ചിരുന്നു.
മീന്‍വെള്ളം റോഡിലേക്ക് ഒഴുക്കാതെ വാഹനങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളില്‍ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണ സംവിധാനമുള്ള കേന്ദ്രങ്ങളില്‍ മാത്രമേ നിര്‍മാര്‍ജനം നടത്താവൂ എന്നാണു ഗതാഗതവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ എട്ടു ലോറികള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം നിയമലംഘനം വീണ്ടും ആവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.