ചിറ്റാട്ടുകര (തൃശൂർ): യൂണിഫോം ധരിക്കാതെ കറുപ്പുവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിയെ ക്ലാസിൽ കയറ്റാത്തതിനെച്ചൊല്ലി എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിനെതിരേ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം.
ശബരിമല മണ്ഡലകാലത്തു ശബരിമലയ്ക്കു വ്രതം നോറ്റ വിദ്യാർഥി കറുപ്പുവസ്ത്രം ധരിച്ചു സ്കൂളിൽ വന്നതിന്റെ പേരിൽ പത്തുദിവസം വിദ്യാർഥിയുടെ പഠനം തടസപ്പെടുത്തിയെന്നാണ് ആക്ഷേപം. യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ അധികൃതർ കുട്ടിയെ ക്ലാസിൽ കയറ്റിയില്ല.
പലതവണ കുട്ടിയുടെ രക്ഷിതാക്കൾ സ്കൂളിൽ വന്നു സംസാരിച്ചിട്ടും അധികൃതർ വഴങ്ങിയില്ലെന്ന് ഹിന്ദു ഐക്യവേദി പരാതിപ്പെട്ടു. ഹിന്ദു ഐക്യവേദി നേതാക്കളും ചർച്ചയ്ക്കെത്തിയിരുന്നു. തുടർന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ പ്രതിഷേധസമരം നടന്നു.
ഇതു സൂചനാ പ്രതിഷേധം മാത്രമാണെന്നും ശബരിമല മണ്ഡലകാലത്തു വ്രതം നോറ്റ് കറുപ്പുവസ്ത്രം ധരിച്ചു വരുന്നതു തടയുന്നതിൽനിന്ന് വിദ്യാലയ അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രാക്ഷോഭം സംഘടിപ്പിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശേരി പറഞ്ഞു.
വ്രതം നോൽക്കുന്ന മറ്റു കുട്ടികൾ സ്കൂളിൽ യൂണിഫോം ധരിച്ചു വരുന്നുണ്ടെന്നും സ്കൂളിന്റെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് മുന്നോട്ട ു പോകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവം വിവാദമാക്കാനില്ലെന്നും സമരത്തിനോ മറ്റോ തങ്ങളില്ലെന്നുമാണ് കുട്ടിയുടെ രക്ഷിതാക്കളുടെ നിലപാടെന്ന് അറിയുന്നു.