പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 1375-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താനുള്ള പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററുടെ നടപടി ബാങ്കിലെ ക്രമക്കേടുകള്‍ പുതിയ ഭരണസമിതിയുടെ പേരില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സഹകരണ സംരക്ഷണ സമിതി.
സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നയുടന്‍ തന്നെ തെരഞ്ഞെടുപ്പു നടത്താനുള്ള നീക്കം സംശയം ജനിപ്പിക്കുന്നതാണെന്ന് സമിതി പ്രസിഡന്റ് ജോബോയ് വര്‍ഗീസും സെക്രട്ടറി മാത്യു എം.ജോസഫും പറഞ്ഞു.
നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാങ്കിനെ ഇപ്പോഴത്തെ അവസ്ഥയില്‍ ആക്കത്തീര്ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം എല്‍ഡിഎഫ് ഭരണകാലത്ത് വര്‍ഷങ്ങളായി ഭരിച്ചുകൊണ്ടിരുന്ന പാര്‍ട് ടൈം അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.
അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ബാങ്ക് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അന്വേഷണം നടത്തണമെന്ന് സഹകാരികള്‍ ആവശ്യപ്പെട്ടിട്ടും പരാതികള്‍ തള്ളുകയാണ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. മുന്‍ ഭരണസമിതി പിരിച്ചുവിട്ട ജീവനക്കാരന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി അഡ്മിനിസ്ട്രേറ്റര്‍ തിരിച്ചെടുക്കുകയായിരുന്നുവെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.