പാറേൽ ഉയരുന്ന പുതിയ പള്ളിക്കു മറ്റു പല പള്ളികൾക്കും കിട്ടാത്ത ഒരു ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആ മൂലക്കല്ലിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. കാരണം, അത് ആശീർവദിച്ചത് ഒരു മാർപാപ്പയാണ്, ഫ്രാൻസിസ് മാർപാപ്പയുടെ സ്പർശനത്താലും പ്രാർഥനയാലും ആശീർവാദത്താലും മൂല്യക്കല്ലായി മാറിയ മൂലക്കല്ലിലാണ് ഈ പുതിയ പള്ളി ഉയർന്നുവന്നത്. 2014 നവംബർ 23നാണ് ഫ്രാൻസിസ് മാർപാപ്പ ശില ആശീർവദിച്ചത്.
ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസം ചങ്ങനാശേരി ആർച്ച്ബിഷപ് ആയിരുന്ന മാർ ജോസഫ് പെരുന്തോട്ടം ഈ ശില റോമിൽനിന്നു ചങ്ങനാശേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് 2015 ഒാഗസ്റ്റ് 15ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നിവരുടെ കാർമികത്വത്തിൽ ഈ ശില സ്ഥാപിച്ചു.
മാതാവിന്റെ സ്വർഗാരോപണ തിരുനാളായ ഒാഗസ്റ്റ് 15ന് മൂലക്കല്ല് അടക്കം 15 ശിലകൾ പാകിയുള്ള തുടക്കത്തിനും കാരണമുണ്ട്.
മൂലക്കല്ല് സൂചിപ്പിക്കുന്നത്: സഭയുടെ അടിസ്ഥാനവും സകലത്തിന്റെയും കേന്ദ്രവുമായ ഈശോയെ.
12 കല്ലുകൾ: സഭയുടെ അടിസ്ഥാന തൂണുകളായ 12 ശിഷ്യൻമാരുടെ പ്രതീകം.
മറ്റു രണ്ടു കല്ലുകൾ: പഴയ നിയമത്തിലെ പ്രവാചക ശ്രേഷ്ഠൻമാരായ മോശയുടെയും ഏലിയയുടെയും പ്രതീകങ്ങൾ.
15 കല്ലുകൾ ചേരുന്പോൾ പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും സമന്വയം കൂടിയാണ് ധ്വനിപ്പിക്കുന്നത്.
ഈശോയെ പ്രതിനിധീകരിക്കുന്ന മൂലക്കല്ല് മാർ ജോസഫ് പെരുന്തോട്ടവും പഴയ പള്ളിയുടെ ശിലാസ്ഥാപനകർമത്തിലും കൂദാശയിലും മാർ ആന്റണി പടിയറയ്ക്കൊപ്പം സഹകാർമികനായിരുന്ന മാർ ജോസഫ് പവ്വത്തിൽ പത്രോസ് ശ്ലീഹയെ പ്രതിനിധീകരിക്കുന്ന ശിലയും സ്ഥാപിച്ചു. മറ്റു കല്ലുകൾ വികാരി ജനറാൾമാരും വൈദികപ്രമുഖരുമാണ് സ്ഥാപിച്ചത്.