തൃശൂർ: കൗണ്‍സിലർമാരുടെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ കൈയാങ്കളി. അടിപിടിയിലെത്തിയതോടെ 13 കൗണ്‍സിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷാംഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ കോണ്‍ഗ്രസ് കൗണ്‍സിലർ മേഴ്സി അജി, മേയറുടെ പേഴ്സണൽ സ്റ്റാഫ് സുനിൽരാജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേയറെ ഇടതുപക്ഷ കൗണ്‍സിലർമാർ ഉപരോധിച്ചു.
ഇടതു കൗണ്‍സിലർ അനീസ് അഹമ്മദിന്റെയും പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണിന്റെയും നേതൃത്വത്തിലാണു ബഹളം നടന്നതെന്നു ഭരണപക്ഷം ആരോപിച്ചു.
പ്രതിപക്ഷ കൗണ്‍സിലർമാർ ജനാധിപത്യവിരുദ്ധമായി പെരുമാറിയെന്നു മേയർ ഡോ. നിജി ജസ്റ്റിൻ ആരോപിച്ചു. ധവളപത്രം ഇറക്കാനുള്ള ഭരണസമിതിയുടെ ശ്രമത്തെ എതിർക്കാനാണു പ്രതിപക്ഷം ബഹളമുണ്ടാക്കിയതെന്നും ആരോപിച്ചു.
ബിജെപി കൗണ്‍സിലർമാർ ഒരുമിച്ചിരിക്കണമെന്നു നേരത്തെ കൗണ്‍സിൽ യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു. ആ സമയം ഇടതുപക്ഷ കൗണ്‍സിലർമാർ പ്രതികരിച്ചിരുന്നില്ല.
ഇന്നലെ കൗണ്‍സിൽ യോഗത്തിൽ ബിജെപി കൗണ്‍സിലർമാർ ഒരുമിച്ചിരുന്നു. ഇത് ഇടതുപക്ഷ കൗണ്‍സിലർമാർ ചോദ്യംചെയ്തതോടെയാണു സംഘർഷമുണ്ടായത്.
തങ്ങൾക്കും ഒരുമിച്ചിരിക്കണമെന്ന് ആവശ്യമുന്നയിച്ച് ഇടതു കൗണ്‍സിലർമാർ ബഹളം ആരംഭിക്കുകയായിരുന്നു.പത്തുവർഷത്തെ ഇടതുഭരണകാലത്തെ ധവളപത്രം ഇറക്കാനിരിക്കുകയായിരുന്നു യുഡിഎഫ് ഭരണസമിതി. ഇതിനിടെയാണു കൈ യാങ്കളിയുണ്ടായത്. കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗണ്‍സിലർമാരെ പിന്നീട് വിട്ടയച്ചു.