കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിവാസികള്‍ നേരിടുന്ന പ്രശ്നത്തിന് അടിയന്തര പരിഹാരമായി കളക്്ടര്‍ മൂന്നോട്ടുവച്ച നിര്‍ദേശം തള്ളി കൊച്ചി കോര്പറേഷന്. ഫ്ളാറ്റ് നിവാസികളുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ തന്നെ പരിഹാരവും കണ്ടെത്തട്ടെയെന്ന നിലപാടിലാണ് കോര്പറേഷന്. ഫ്ളാറ്റ് താമസയോഗ്യമല്ലാത്തതിനാല്‍ ഫ്ളാറ്റിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യേണ്ടതുണ്ടെങ്കില്‍ താമസക്കാരെ മാറ്റിയ ശേഷമെ കഴിയുകയുള്ളൂ. ഇതിനുള്ള നിര്‍ദേശങ്ങളാണ് കളക്്ടര്‍ കോര്‍പറേഷനു കൈമാറിയത്. എന്നാല്‍ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.
മുണ്ടംവേലിയിലെ 78 കുടുംബങ്ങളെ നിര്‍മാണം പൂര്‍ത്തിയായ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള തുരുത്തി ഫ്ളാറ്റിലേക്ക് മാറ്റുക, വാടയകയ്ക്ക് മാറ്റി പാര്‍പ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങൾ കളക്്ടര്‍ മുന്നോട്ടുവച്ചു. ഇവയെല്ലാം മേയര്‍ തള്ളി. നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന തുരുത്തി ഫ്ളാറ്റിലേക്കുള്ള ഗുണഭോക്താക്കളെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞെന്നും അവര്‍ക്കു പകരം മറ്റാളുകളെ അവിടെ താമസിപ്പിക്കാനാകില്ലെന്നും മേയര്‍ പറഞ്ഞു. 78 കുടുംബങ്ങള്‍ക്ക് വാടകവീട് ഒരുക്കിക്കൊടുക്കാനും അതിനുവേണ്ട പണം കണ്ടെത്താനും കോര്പറേഷന് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. താമസക്കാരെ അവിടെ താമസിപ്പിച്ചുകൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തുക പ്രായോഗികമല്ലെന്നും മേയര്‍ പറഞ്ഞു.
പ്രായോഗികമായ പരിഹാരം ഓരോ കുടുംബത്തിനും അര്‍ഹമായ നഷ്ടപരിഹാരം നല്കി വിടുക എന്നതാണ്. അങ്ങനെയെങ്കില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പോയി താമസിക്കാനാകും. കോന്തുരുത്തി പുഴയുടെ തീരത്ത് കൈയേറ്റ ഭൂമിയില്‍ താമസിച്ച കുടുംബങ്ങളെ ഈ മാതൃകയിലാണ് പുനരധിവസിപ്പിച്ചത്. അത് വിജയകരമായിരുന്നുവെന്നും മേയര്‍ പറഞ്ഞു.