കോട്ടയം: കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ വൈക്കം പൊലിസ് അറസ്റ്റ് ചെയ്തു. വൈക്കം, തലയാഴം, വെച്ചൂർ മേഖലകളിലെ കടകളിൽ കള്ളനോട്ട് നൽകി കബളിപ്പിച്ച കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ റഷീദിനെയാണ് (65) വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കുമരകത്തിന് സമീപം ഇല്ലിക്കല്ലിൽ ഇയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കള്ളനോട്ടുകളും പിടിച്ചെടുത്തു. കള്ളനോട്ട് വിപണനം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. വൈക്കത്തെ വിവിധ സ്ഥലങ്ങളിൽ കാറിലെത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്.
തിരക്കുള്ള കടകളിൽ കയറി 100 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകുകയായിരുന്നു പതിവ്. വിവിധ കടകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇല്ലിക്കലിലെ വാടകവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്.