കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യു പട്ടയഭൂമികളിൽനിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ച ഈട്ടിത്തടികൾ ലേലം ചെയ്യുന്നതിന് വനംവകുപ്പിന് കോടതി അനുമതി.
മരം ലേലത്തിൽ വിൽക്കുന്നതിന് സൗത്ത് വയനാട് ഡിഎഫ്ഒ സമർപ്പിച്ച ഹർജി ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം വനം വകുപ്പ് തടികൾ ലേലം ചെയ്യും. കുപ്പാടി ഡിപ്പോയിൽ സൂക്ഷിക്കുന്ന തടികളുടെ പൂർണ വിവരം മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘം കോടതിയിൽ സമർച്ചിച്ച സാഹചര്യത്തിലാണു ലേലത്തിനു കോടതി അനുവാദം നൽകിയത്.
അനധികൃതമായി മുറിച്ചതിൽ 800 കഷണം ഈട്ടിയാണു ഡിപ്പോയിൽ. 112 മരങ്ങളുടേതാണ് ഇത്രയും കഷണങ്ങൾ. ഇവയ്ക്ക് നാലു കോടി രൂപയാണു നിലവിൽ വിലമതിക്കുന്നത്.
തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിനു മരംമുറിക്കേസിൽ ഉൾപ്പെട്ട വാഴവറ്റ അഗസ്റ്റിൻ സഹോദരന്മാർ സമർപ്പിച്ച ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മുറിച്ചതിൽ 231 ക്യുബിക് മീറ്റർ ഈട്ടി 2021 ജൂണിലാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്കു മാറ്റിയത്.