കൊച്ചി: കേന്ദ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഭാഗമായി നഗരസഭകളില്‍ ജോലി ചെയ്തിരുന്ന 134 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
പിരിച്ചുവിട്ടവര്‍ക്കു പകരം കോടതിയുടെ അനുമതിയില്ലാതെ പുതിയ നിയമനം നടത്തരുതെന്നും ജസ്റ്റീസ് വിജു ഏബ്രഹാം നിര്‍ദേശിച്ചു.
കോട്ടയം ചാന്നാനിക്കാട് സ്വദേശി ശ്രീകല കെ. പിള്ള, മലപ്പുറം മേലാറ്റൂര്‍ സ്വദേശി കെ.പി. ജീഷ്മ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. എട്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന തങ്ങളെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടെന്നാണ് ഹര്‍ജിക്കാരുടെ പരാതി.
ജൂണ്‍ 30 ന് കരാര്‍ അവസാനിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി ഒക്ടോബര്‍ 15ന് പരിഗണിക്കാന്‍ മാറ്റി.