സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ ഹയർസെക്കൻഡറികളിൽ അനധ്യാപക നിയമനം നടത്തണമെന്ന കേരള വിദ്യാഭ്യാസ ചട്ടവും കോടതി ഉത്തരവുകളും നടപ്പാക്കാത്തതിനെ തുടർന്ന് കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ (കെഎഎസ്എൻടിഎസ്എ) ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാം എന്ന് സുപ്രീംകോടതി.
2007 മുതൽ അസോസിയേഷൻ നടത്തിവരുന്ന നിയമപോരാട്ടത്തെ തുടർന്ന് രണ്ട് തവണ ഹയർ സെക്കൻഡറികളിൽ ക്ലാർക്ക്, ലൈബ്രേറിയൻ, മീനിയൽ തസ്തികകളിൽ നിയമനം നടത്തുന്നതിന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് കോടതി ഉത്തരവ് പാലിക്കാൻ സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ തയാറായിരുന്നില്ല.
2021ലാണ് കോടതിയലക്ഷ്യ നടപടികളുമായി അനധ്യാപക സംഘടനയായ കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ സമയം നീട്ടിച്ചോദിക്കുകയും തുടർച്ചയായി ഹൈക്കോടതി കേസ് നീട്ടിവയ്ക്കുകയും ചെയ്തതോടെ ഹർജിക്കാർ 2025ൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസ് തീർപ്പാക്കാൻ രണ്ടുമാസം സുപ്രീംകോടതി സമയം അനുവദിച്ചിരുന്നെങ്കിലും ഹർജിയിൽ തീരുമാനമായിരുന്നില്ല.