National
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു സംഭവം.
പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു മുഖ്യമന്ത്രിക്കുനേരെ ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ തടയുകയും ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മുനിസിപ്പൽ കമ്മീഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഒരുക്കിയ സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു അന്വേഷണം. തുടർന്നാണ് മുനിസിപ്പൽ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തത്.