എടത്വ: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി തലവടി ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ഒരുമയുടെ കരവിരുത് എന്ന പേരില്‍ ക്രാഫ്റ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സ്വയം പര്യാപ്തതയും ആത്മവിശ്വാസവും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
ബിആര്‍സി സ്പെഷ്യലിസ്റ്റ് അധ്യാപിക അംബിക ദേവിയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ കുട്ടികള്‍ വിവിധ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തില്‍ പങ്കാളികളായി. ഓരോ കുട്ടിയുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു പരിശീലന പരിപാടി ക്രമീകരിച്ചത്. പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ബിപിസി ബുഷ്റ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സിആര്‍സിസി മായാലക്ഷ്മി പ്രസംഗിച്ചു.
കുട്ടികള്‍ക്ക് സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനും പരസ്പരം സഹകരിക്കാനും സന്തോഷകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പരിപാടി അവസരമൊരുക്കി. ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനും അവരുടെ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുമുള്ള മാതൃകാപരമായ സംരംഭമായി ഒരുമയുടെ കരവിരുത് മാറി.