Kerala
കാസർഗോഡ്: കന്യപ്പാടിയിൽ അമിത വേഗതയിൽ സഞ്ചരിച്ച കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് കാറുകളും പൂർണമായി തകർന്നു.
മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് കാറുകളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു,
കെഎ 21 സി0338 നമ്പർ ലോറിയിൽ കെഎൽ 14 എഇ 0915 വൈറ്റ് കളർ സ്വിഫ്റ്റ് , കെഎൽ 14 എജെ 0035 ബ്ലാക്ക് കളർ സ്വിഫ്റ്റ് എന്നീ കാറുകൾ ആണ് ഇടിച്ചത്.
Kerala
കൊച്ചി: വൈറ്റില ചക്കരപ്പറമ്പില് കെഎസ്ആര്ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. പിറവം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ് രാവിലെ 6.35 ഓടെയാണ് അപകടത്തില് പെട്ടത്. അപകടത്തില് ആര്ക്കും പരിക്കില്ല.
റോഡിലെ കുഴിയില് ചാടിയ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, മരത്തിലേക്ക് ഇടിച്ചു നില്ക്കുകയായിരുന്നു. എന്നാല് ബസിന്റെ മുന്വശത്തെ ചില്ലു തകര്ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില് കയറ്റിവിട്ടു.
Kerala
കൊച്ചി: കുര്യാപ്പള്ളി ഷാപ്പുപടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നര് ലോറി കടകളിലേക്ക് ഇടിച്ചുകയറി അപകടം. കൊടുങ്ങല്ലൂര് ഭാഗത്തു നിന്നും പറവൂര് ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തില്പെട്ടത്. പുലര്ച്ചെ മൂന്നോടെയാണ് സംഭവം.
അപകടത്തില് മൂന്നു കടമുറികളും ഒരു വൈദ്യുതി പോസ്റ്റും തകര്ന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു ശേഷം വാഹനത്തിന്റെ ഡ്രൈവര് സ്ഥലത്തു നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാര് പറയുന്നു.
International
ഏഥൻസ്: ഗ്രീസിലെ തനാഗ്ര വ്യോമസേനാ താവളത്തിനു സമീപം നടന്ന എയർ ഷോയ്ക്കിടെ എഫ്-4 ഫാന്റെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു.
തലസ്ഥാനമായ ഏഥൻസിനു വടക്കുള്ള വ്യോമസേനാ താവളത്തിൽ വാർഷിക ‘ഏഥൻസ് ഫ്ലൈയിംഗ് വീക്ക്’ പ്രദർശനത്തിനിടെയാണ് ദുരന്തമുണ്ടായത്.
വ്യോമസേനാ താവളത്തിൽനിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനം വലത്തോട്ട് തിരിയുന്നതിനിടെ നിലത്തേക്കു പതിച്ച് തീപിടിക്കുകയായിരുന്നു. റൺവേയിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്.
അപകടത്തെത്തുടർന്ന് സമീപത്തെ വനമേഖലയിലേക്കു പടർന്ന തീയണയ്ക്കാൻ 11 അഗ്നിശമന വിമാനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. സംഭവത്തിൽ പ്രദേശവാസികൾക്കോ കാണികൾക്കോ പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: പത്തടിപ്പാലത്ത് മെട്രോ പില്ലറില് സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില് അഞ്ചുപേര്ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മെട്രോ പില്ലറിലും സുരക്ഷാവേലിയിലും ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് മെട്രോ സ്റ്റേഷന് സമീപം അപകടമുണ്ടായത്.
ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തില് ബസ് കറങ്ങി റോഡിന് നടുവില് വന്ന് നില്ക്കുകയായിരുന്നു.
അപകടത്തില് ബസിന്റെ മുന്ഭാഗം പൂര്ണമായും തകര്ന്നു. ഡ്രൈവര്ക്കും മുന്ഭാഗത്തുണ്ടായിരുന്നവര്ക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന് ഉപയോഗിച്ച് ബസ് സ്ഥലത്തു നിന്ന് മാറ്റി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില് കോതമംഗലത്ത് നിയന്ത്രണം വിട്ട കാര് വീടിന്റെ മതില് ഇടിച്ചുതകര്ത്തു. ഗുരുവായൂര് സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില് പെട്ടത്. മൂന്നാറില് നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്പ്പെട്ടത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില് കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര് നിയന്ത്രണംവിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില് കാറിന്റെ മുന്വശം പൂര്ണമായും തകര്ന്നു. ഇടിയുടെ ആഘാതത്തില് മതിലിന്റെ അവശിഷ്ടങ്ങള് വീടിന്റെ കാര്പോര്ച്ചിലേക്കും മറ്റു ഭാഗത്തുമായി തെറിച്ചുവീണു.
കാറിലുണ്ടായിരുന്ന അഞ്ചുപേര്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര് ആശുപത്രിയില് ചികിത്സ തേടി. ഈ പ്രദേശത്ത് നേരത്തെയും അപകടങ്ങള് ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിര്മാണമാണ് അപകടങ്ങള്ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
International
നയ്റോബി: മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പർവതനിരകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് വിനോദസഞ്ചാരികളും പൈലറ്റും കൊല്ലപ്പെട്ടു.
പ്രാദേശികസമയം ഇന്നലെ രാവിലെ 9.13 ഓടെയായിരുന്നു സംഭവം. മരിച്ചവർ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ലോയ്സാബയിലെ വൈൽഡ്ലൈഫ് കോൺസർവൻസിയിൽനിന്ന് ഇവാസോ നിറോ നദി ലക്ഷ്യമാക്കി പറന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
International
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ലാൻഡിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു. ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാസ് വെഗാസിൽ നിന്നും ന്യൂയോർക്കിലേക്ക് വന്ന ജെറ്റ് ബ്ലൂ എയർലൈൻസിന്റെ ഫ്ലൈറ്റ് 948 എന്ന എയർബസ് എ321 വിമാനത്തിലാണ് ഡ്രോൺ ഇടിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.
ആകാശത്ത് ഏകദേശം 3,000 അടി ഉയരത്തിൽ വച്ചാണ് വിമാനത്തിന്റെ കോക്ക്പിറ്റിന് തൊട്ടുമുകളിലായി ഡ്രോൺ വന്നിടിച്ചത്. വിമാനം റൺവേ ലക്ഷ്യമാക്കി താഴ്ന്നു പറക്കുന്നതിനിടെയാണ് ഡ്രോൺ വന്നിടിച്ചതെന്ന് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകിയത്. അപകടം നടന്ന് മിനിറ്റുകൾക്കകം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ലാൻഡിംഗിന് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ വിമാനത്തിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി. വിമാനത്താവളങ്ങൾക്ക് സമീപം അനധികൃതമായി ഡ്രോൺ പറത്തുന്നത് അതീവ അപകടകരവും നിയമവിരുദ്ധവുമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
International
ബെയ്ജിംഗ്: ചൈനയിലെ ബെയ്ജിംഗിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചുകയറി.108 നിലകളുള്ള സിറ്റിക് ടവറിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ഒരു കാറിന്റെ വലിപ്പമുള്ള ലൈറ്റ് സ്പോര്ട്സ് എയര്ക്രാഫ് വിഭാഗത്തില്പ്പെട്ട വിമാനമാണ് അപകടത്തില്പ്പെട്ടത്. ഇടിയുടെ ആഘാതത്തില് ടവറിന്റെ രണ്ട് വലിയ പാനലുകള് തകരുകയും വിമാനത്തിന്റെ അവശിഷ്ടങ്ങള് താഴേയ്ക്ക് പതിക്കുകയും ചെയ്തു. വിമാനത്തിന്റെ അവശിഷ്ടങ്ങള് വീണ് ഒരു കാറിന്റെ ചില്ലുകൾ തകര്ന്നിട്ടുണ്ട്.
International
കാലിഫോർണിയ: കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. അപകടത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ് ബി52 ബോംബർ വിമാനങ്ങൾ.
1955 മുതൽ അമേരിക്കൻ വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനം. ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കായി പടിഞ്ഞാറൻ മൊജാവേ മരുഭൂമിയിലാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,065 കോടി രൂപ വിലവരുന്നതാണ് വിമാനം.
NRI
ലണ്ടൻ: യുകെയിലെ റോഡുകളിൽ വണ്ടിയോടിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ഇൻഷുറൻസ് കമ്പനികളും പോലീസും രംഗത്ത്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ക്രിമിനൽ സംഘങ്ങൾ കൃത്രിമമായി റോഡപകടങ്ങൾ സൃഷ്ടിക്കുന്ന "ക്രാഷ് ഫോർ കാഷ്' തട്ടിപ്പ് യുകെയിൽ വൻതോതിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്യാജ അപകടങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ, അപകടസ്ഥലത്ത് വച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന പുതിയ രീതിയും (Identity Theft) ഇപ്പോൾ ക്രിമിനലുകൾ വ്യാപകമാക്കിയിട്ടുണ്ട്.
യുകെയിലെ ഇൻഷുറൻസ് ഫ്രോഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഇത്തരത്തിലുള്ള വ്യാജ ക്ലെയിമുകൾ വഴി കമ്പനികൾക്കുണ്ടാകുന്നത്.
ഇത് ഒടുവിൽ പ്രീമിയം തുക വർധനവിലൂടെ സാധാരണക്കാരായ യാത്രക്കാരുടെ പക്കൽ നിന്നാണ് ഈടാക്കുന്നത്.
തട്ടിപ്പുകാർ ഇരകളെ കുടുക്കുന്ന പ്രധാന രീതികൾ
പെട്ടെന്ന് ബ്രേക്ക് ഇടുക: തട്ടിപ്പുകാർ നിങ്ങളുടെ വാഹനത്തിന് തൊട്ടുമുന്നിൽ വന്ന് യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഇടുന്നു. പിന്നിലുള്ള വാഹനം ഇടിച്ചാൽ സാധാരണയായി കുറ്റം പിന്നിലെ ഡ്രൈവർക്കാകും എന്ന നിയമം മുതലെടുത്താണ് ഈ തട്ടിപ്പ് നടത്തുന്നത്.
ലൈറ്റ് ഫ്ലാഷ് ചെയ്ത് പറ്റിക്കുക: ജംഗ്ഷനുകളിലോ മെയിൻ റോഡിലോ വച്ച് നിങ്ങൾക്ക് കടന്നുപോകാൻ അവർ ലൈറ്റ് ഫ്ലാഷ് ചെയ്യുകയോ കൈകാണിക്കുകയോ ചെയ്യും.
എന്നാൽ നിങ്ങൾ വണ്ടിയെടുക്കുന്ന നിമിഷം അവർ മനഃപൂർവം വന്ന് നിങ്ങളെ ഇടിക്കുകയും നിങ്ങൾ നിയമം തെറ്റിച്ചുവെന്ന് വാദിക്കുകയും ചെയ്യും.
ബൈക്കുകളും മൊപ്പഡുകളും: അടുത്ത കാലത്തായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡെലിവറി ബൈക്കുകളും മൊപ്പഡുകളും ഉപയോഗിച്ച് കാറുകളിൽ വന്ന് ഇടിക്കുന്നത് വളരെ വർധിച്ചിട്ടുണ്ട്.
വാഹനം ചെറുതാണെങ്കിലും വലിയ തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നു.
വ്യാജ യാത്രികർ: അപകടം നടക്കുമ്പോൾ ക്രിമിനലുകളുടെ വണ്ടിയിൽ ഒരാൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ വലിയ തുക നഷ്ടപരിഹാരം കിട്ടാനായി വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും അവർക്കെല്ലാം പരിക്കേറ്റുവെന്നും കാണിച്ച് ഇവർ വ്യാജ മെഡിക്കൽ രേഖകൾ ചമയ്ക്കും.
വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന പുതിയ തട്ടിപ്പ്
അപകടം നടന്ന ഉടൻ തന്നെ ക്രിമിനൽ സംഘങ്ങൾ കാറിൽ നിന്നിറങ്ങി ഇരകളെ ഭയപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്യും. തുടർന്ന് ഇൻഷുറൻസ് കാര്യങ്ങൾക്കെന്ന വ്യാജേന നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെയോ ഇൻഷുറൻസ് സർട്ടിഫിക്കറ്റിന്റെയോ ഫോട്ടോ മൊബൈലിൽ പകർത്തുന്നതാണ് ഇവരുടെ പുതിയ രീതി.
ഇത്തരത്തിൽ കൈക്കലാക്കുന്ന നിങ്ങളുടെ പേര്, ജനനത്തീയതി, ലൈസൻസ് നമ്പർ എന്നിവ ഉപയോഗിച്ച് അവർ ഡാർക്ക് വെബിൽ വിൽക്കുകയോ, മറ്റ് വ്യാജ ഇൻഷുറൻസ് പോളിസികൾ എടുക്കുകയോ ലോണുകൾക്ക് അപേക്ഷിക്കുകയോ ചെയ്ത് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു.
പ്രായമായവർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ, ഡെലിവറി വാനുകൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
എങ്ങനെ സ്വയം സംരക്ഷിക്കാം?
മുന്നിലുള്ള വാഹനവുമായി എപ്പോഴും സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പ്രധാനമാണ്. ഇത് പെട്ടെന്ന് മുന്നിലെ വാഹനം ബ്രേക്ക് ഇട്ടാലും അപകടം ഒഴിവാക്കാൻ സഹായിക്കും.
അതേപോലെ കാറിന്റെ മുന്നിലും പിന്നിലും ഡാഷ് കാമറകൾ ഘടിപ്പിക്കുന്നത് ഇത്തരം വ്യാജ അപകടങ്ങളുടെയും കേർട്ടസി വേവ് തട്ടിപ്പുകളുടെയും സത്യം ഇൻഷുറൻസ് കമ്പനികൾക്ക് മുന്നിൽ തെളിയിക്കാൻ സഹായിക്കും.
അപകടമുണ്ടായാൽ നിയമപരമായി നൽകേണ്ട നിങ്ങളുടെ പേര്, വിലാസം, വണ്ടി നമ്പർ എന്നിവയൊഴികെ മറ്റൊന്നും കൈമാറരുത്. ഡ്രൈവിംഗ് ലൈസൻസോ മറ്റ് രേഖകളോ മൊബൈലിൽ ഫോട്ടോ എടുക്കാൻ ഒരുകാരണവശാലും ക്രിമിനലുകളെ അനുവദിക്കരുത്.
അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തോന്നിയാൽ ശാന്തത പാലിക്കുക. എതിർകക്ഷിയുടെ വണ്ടിയിലുള്ളവരുടെ എണ്ണം, വണ്ടി നമ്പർ എന്നിവ കൃത്യമായി കുറിച്ചുവെക്കുക.
ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെയും പോലീസിനെയും വിവരം അറിയിക്കുക. ആവശ്യം വരുന്ന പക്ഷം ഐഎഫ്ബിയുടെ "ചീറ്റ്ലെെൻ' (0800 422 0421) എന്ന നമ്പറിലും വിവരങ്ങൾ കൈമാറാവുന്നതാണ്.
NRI
ലണ്ടൻ: ബ്രിട്ടനിൽ സ്വദേശികളായ ജനങ്ങൾക്കിടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ.
എന്നാൽ യുകെയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വിദേശികളായ മാതാപിതാക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളാണ് തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്നതെന്നും യുകെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെയുടെ ചരിത്രത്തിൽ ആദ്യമായി, ജനിക്കുന്ന കുഞ്ഞുങ്ങളിൽ 40 ശതമാനത്തിലധികം പേരുടെയും മാതാപിതാക്കളിൽ ഒരാളെങ്കിലും യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന അമ്പരപ്പിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്.
ജനനനിരക്ക് 1977ന് ശേഷമുള്ള ഏറ്റവും താഴ്ചയിൽ
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ജനനനിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ജനിച്ച കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷം 5,85,396 ആയി കുറഞ്ഞു.
ഇത് 1977-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. യുകെയിൽ ഒരു സ്ത്രീക്ക് ശരാശരി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം 1.41-ൽ നിന്നും 1.39 ആയി ഇടിഞ്ഞു. ജനസംഖ്യ ഒരേ നിലയിൽ നിലനിർത്താൻ ആവശ്യമായ തോത് 2.1 ആയിരിക്കെയാണ് ഈ വൻ തകർച്ച.
കാരണം സാമ്പത്തിക അരക്ഷിതാവസ്ഥയും ചെലവും
സാമ്പത്തിക അരക്ഷിതാവസ്ഥ: കുട്ടികളെ വളർത്തുന്നതിനുള്ള ഭാരിച്ച ചെലവുകൾ, വൈകി മാത്രം കുട്ടികൾ മതിയെന്ന ചിന്താഗതി എന്നിവയാണ് ബ്രിട്ടീഷ് ദമ്പതികളെ കുട്ടികളുണ്ടാകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുതിച്ചുയർന്ന് വിദേശ മാതാപിതാക്കൾ: ഇന്ത്യക്കാർ മുന്നിൽ
ബ്രിട്ടനിലെ തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുത്തനെ ഇടിയുമ്പോൾ, രാജ്യത്തെ ജനസംഖ്യ നിരക്ക് നിലനിർത്തുന്നത് പൂർണമായും കുടിയേറ്റക്കാരാണ്.
യുകെയ്ക്ക് പുറത്ത് ജനിച്ച അമ്മമാരിൽ നിന്ന് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഏറ്റവും മുന്നിൽ.
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനും മൂന്നാം സ്ഥാനത്ത് നൈജീരിയയുമാണ്. ലണ്ടൻ പോലുള്ള വൻ നഗരങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ 60 ശതമാനത്തോളം പേരുടെയും മാതാപിതാക്കൾ വിദേശത്തുനിന്നും കുടിയേറിയവരാണ്.
ഒഎൻഎസ് കണക്കുകൾ
ഏറ്റവും പുതിയ ഒഎൻഎസ് റിപ്പോർട്ട് പ്രകാരം യുകെയിലെ ആകെ പ്രസവങ്ങളിൽ വിദേശ അമ്മമാരുടെ പങ്ക് 34.6 ശതമാനമാണ്. കുറഞ്ഞത് ഒരു വിദേശ മാതാപിതാവെങ്കിലുമുള്ള കുട്ടികൾ 40.2 ശതമാനം വരും.
വിദേശികളായ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളുടെ നിരക്ക് 2008-ൽ 30 ശതമാനവും 1998-ൽ വെറും 20 ശതമാനത്തിലും താഴെയായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ അത് 34.6 ശതമാനത്തിലേക്ക് ഉയർന്നത്.
തൊഴിൽ മേഖലയെ പിടിച്ചുനിർത്തുന്നത് കുടിയേറ്റം
കുടിയേറ്റക്കാരുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ യുകെയിലെ തൊഴിൽ മേഖലയും ജനസംഖ്യയും വലിയ പ്രതിസന്ധിയിലാകുമായിരുന്നു. നിലവിലെ പോക്ക് തുടർന്നാൽ വരും വർഷങ്ങളിൽ യുകെയിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ സ്ഥിരമായി രേഖപ്പെടുത്താൻ തുടങ്ങുമെന്ന് ഡെമോഗ്രാഫി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞുവരുന്ന കുട്ടികളുടെ എണ്ണം കാരണം യുകെയിലെ പല ഭാഗങ്ങളിലും പ്രൈമറി സ്കൂളുകൾ പൂട്ടേണ്ട അവസ്ഥയിലാണ്.
സർക്കാർ ആനുകൂല്യങ്ങൾ ഫലിക്കുമോ?
യുകെയിലെ ലേബർ സർക്കാർ സൗജന്യ ചൈൽഡ് കെയർ സംവിധാനങ്ങളും മെച്ചപ്പെട്ട പാരന്റൽ ലീവ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വദേശികൾക്കിടയിലെ ജനനനിരക്ക് വർധിപ്പിക്കാൻ ഇത് എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയണം.
അതേസമയം, മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ വർദ്ധനവ് യുകെയുടെ സാമൂഹിക - ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.
International
ലണ്ടൻ: യുകെ റോയൽ നേവി ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് നാവികസേനാംഗങ്ങൾ മരിച്ചു. പരിശീലനത്തിനിടെയായിരുന്നു അപകടം.
തെക്കുപടിഞ്ഞാൻ ഇംഗ്ലണ്ടിലെ ഡെവോൺ കൗണ്ടിയിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. മെർലിൻ എംകെ4 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. സിദ്ധാർഥ്നഗറിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരായ കുസും (50), മകൾ അഞ്ജലി (13) എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ ഡ്രൈവർ ഫത്തേപൂർ സ്വദേശി ഹർഷ് പാണ്ഡെയെ തിരിച്ചറിഞ്ഞു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.
യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ബസ് നിർത്തുകയും ഈ സമയത്ത് ബസിൽ നിന്നിറങ്ങിയ ഇരുവരും ഇരുട്ടിൽ ദിശമാറി റോഡിന്റെ നടുവിലെ ഡിവൈഡറിലേക്ക് നടന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരണമടഞ്ഞിരുന്നു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരകയാണ്.
National
ന്യൂഡൽഹി: മസ്കറ്റ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ഒമാൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ഒടിഎസ്ബി) അന്വേഷണം തുടങ്ങി. കഴിഞ്ഞ 15 നുണ്ടായ അപകടകത്തിൽ റൺവേയുടെ പുറത്തെ ലൈറ്റുകൾക്ക് കേടുപാട് പറ്റിയിരുന്നു.
കണ്ണൂരിലേക്കുള്ള ബോയിംഗ് 737 800 എൻജി വിമാനം കഴിഞ്ഞ 15നാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുകയായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു. ബുധനാഴ്ച രാവിലെ 8.50ഓടെയാണ് വിമാനം തകർന്നുവീണത്. റെഡ്ബേർഡ് ഫ്ലൈറ്റ് പരിശീലന അക്കാദമിയുടേതാണ് വിമാനം.
അപകടത്തിൽ ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും പുനെ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ പറഞ്ഞു.
വിമാനത്താവളത്തിന് സമീപത്തെ ഗോജുബാവി ഗ്രാമത്തിന് മുകളിലൂടെ താഴ്ന്നു പറക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനം നിലത്തേക്ക് പതിക്കുന്നതിനിടെ വൈദ്യുത തൂണിൽ ഇടിച്ചതായും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: ഹയബൂസ ബൈക്ക് കാറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ മഹബൂബ് നഗർ മേഖലയിലെ പാലകൊണ്ട ബൈപാസ് റോഡിലാണ് സംഭവം.
രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. അപകടസമയം ബൈക്ക് 140 കിലോ മീറ്റർ വേഗതയിലായിരുന്നു. ആർഷിയ ബീഗം (30), ഉജേപ (ഏഴ്), അമർ (രണ്ട്) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിച്ചു. യാക്കൂബ് അഫ്സൽ (25) ആണ് മരിച്ച ഒരു ബൈക്ക് യാത്രികൻ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
കോഴിക്കോട്: ഓമശേരി അമ്പലക്കണ്ടിയില് സ്കൂട്ടര് താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവതി മരിച്ചു. ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി(36) ആണ് മരിച്ചത്.
അമ്പലക്കണ്ടിയില് പൂളപ്പൊയില് റോഡിലെ ഇരട്ട കുളങ്ങരയില് ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. ഭര്ത്താവിനോടൊപ്പം സ്കൂട്ടറില് സഞ്ചരിക്കുന്നതിനിടെ സ്കൂട്ടര് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടന്തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്ത്താവ് കുഞ്ഞിമരക്കാര് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭര്തൃവീട്ടില് നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
Kerala
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിലുണ്ടായ സംഭവത്തിൽ ഏഴുപേർക്ക് പരിക്കറ്റു.
വയനാട്ടിൽനിന്ന് വരികയായിരുന്ന ഹരിതം കറിപൗഡറിന്റെ ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽനിന്ന് വളർത്തുപശുവിനെയും കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പിക്കപ്പ് വാൻ 10 അടിയോളം താഴ്ച്ചയിൽ കൽവർട്ടിനുള്ളിലേക്ക് മറിയുകയായിരുന്നു.
വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
കൂത്താട്ടുകുളം: എംസി റോഡില് കൂത്താട്ടുകുളത്ത് അമ്പലംകുന്നില് കാര് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി രണ്ടുപേര്ക്ക് പരിക്ക്. കാര് ഡ്രൈവറായ കോതമംഗലം മറ്റത്തില് മാഹിന് ലാല് (26), ബസ് കാത്തിരുന്ന കരിമ്പന നെടുംകാട്ടില് ഏലിയാമ്മ ബെന്നി (50) എന്നിവര്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്വശത്തുള്ള വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില് വെയിറ്റിംഗ് ഷെഡില് ഇരുന്നിരുന്ന ഏലിയാമ്മ ഷെഡിന് പുറത്തേക്ക് തെറിച്ചു വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള് ഡ്രൈവറെയും ഏലിയാമ്മയെയും കൂത്താട്ടുകുളം ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില് വെയിറ്റിംഗ് ഷെഡ് പൂര്ണമായി തകര്ന്നു. അപകടത്തില്പ്പെട്ട വാഹനത്തിന്റെ മുന്ഭാഗവും പൂര്ണമായി തകര്ന്നു. ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്.
International
മോസ്കോ: ക്രിമിയൻ ഉപദ്വീപിൽ റഷ്യൻ സൈനിക വിമാനം തകർന്ന് 29പേർ മരിച്ചു. റഷ്യൻ അന്റനോവ് -26 സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്.
ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തകർന്നുവീണ വിമാനം രക്ഷാപ്രവർത്തകർ കണ്ടെത്തി. ആറു ജീവനക്കാരും 23 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എതെങ്കിലും ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് കരുതുന്നില്ലെന്നും സാങ്കേതിക തകരാറാകാം അപകടകാരണമെന്നും അധികൃതർ വ്യക്തമാക്കി.
District News
കൊയിലാണ്ടി: ദേശീയപാതയിൽ മീത്തലെക്കണ്ടി കോംപ്ലക്സിന് സമീപം കാറിടിച്ച് വ്യാപാരി മരിച്ചു.
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് മാടാക്കര പള്ളിക്ക് സമീപം പുതിയപുരയിൽ (ഗ്രീഷ്മാസ്) സുരേഷ് ബാബു (65) ആണ് മരിച്ചത്. ബുധനാഴ്ച അർധരാത്രിയാണ് അപകടം.
നടന്നു പോകുകയായിരുന്ന സുരേഷ് ബാബുവിനെ വടകരയ്ക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീത്തലെക്കണ്ടി കോംപ്ലക്സിലെ സ്പെയർ വേൾഡ് ഷോപ്പ് ഉടമയായിരുന്നു.
പരേതനായ കുഞ്ഞിരാമ കുറുപ്പിന്റെയും നാരായണിയമ്മയുടേയും മകനാണ്. ഭാര്യ: ഷിജി. മക്കൾ: അരുൺ സുരേഷ്, അശ്വതി സുരേഷ്. മരുമകൾ: റീതൾ. സഹോദരങ്ങൾ: മോഹനൻ പീപീസ് പൊയിൽക്കാവ്, വിനയ, അംബിക, പ്രദീപ് (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, കൊയിലാണ്ടി), പരേതനായ വിനോദ്.
Kerala
പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാക്കള്ക്ക് ദാരുണാന്ത്യം. ഇന്നുപുലര്ച്ചെയാണ് സംഭവം.
കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന് (23)സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില് ചികിത്സയിലാണ്.
International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Business
മുംബൈ: ഇന്നലെ നടന്ന വ്യാപാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി മികച്ച നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 50 സൂചിക 23,400 പോയിന്റിനു മുകളിലെത്തി.
കഴിഞ്ഞയാഴ്ചയിലെ കടുത്ത വിറ്റഴിക്കലിനുശേഷം നിക്ഷേപകർ താഴ്ന്ന നിലയിൽനിന്നുള്ള വാല്യു ബയിംഗിലേക്കു കടന്നതോടെയാണ് വിപണി ലാഭത്തിലേക്കു കടന്നത്. ഇതോടെ തുടർച്ചയായ മൂന്നു സെഷനിലെ നഷ്ടക്കണക്കുകൾക്ക് അറുതിയായി.
ശക്തമായ ഇടിവിനും അതിവേഗത്തിലുള്ള തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച അതിതീവ്രമായ അസ്ഥിരത നിറഞ്ഞ ഒരു വ്യാപാര ദിനമായിരുന്നു ഇന്നലെത്തേത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ ആ നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തിലേക്ക് തിരിച്ചുവന്നു. രാവിലെതന്നെ വീണ്ടും ഇടിവുണ്ടായി സെൻസെക്സ് 600 പോയിന്റിലധികം താഴ്ന്ന് 74,000 നിലവാരത്തിനു താഴെയും നിഫ്റ്റി സൂചിക 23,000 പോയിന്റിനു താഴെയുമെത്തി.
ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിൽ രാവിലെയുണ്ടായ നഷ്ടങ്ങളെല്ലാം മറികടക്കുകയും ചെയ്തു. സെൻസെക്സ് 1000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 23,500 നിലവാരത്തിനു മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ അവസാനം നേരിയ തോതിൽ നേട്ടം നഷ്ടപ്പെട്ടെങ്കിലും വിപണി ലാഭത്തിൽതന്നെ ക്ലോസ്ചെയ്തു.
സെൻസെക്സ് 939 പോയിന്റ് (1.26%) ഉയർന്ന് 75,503ലും നിഫ്റ്റി 258 പോയിന്റ് (1.11%) ലാഭത്തിൽ 23,409ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന നേട്ടമുണ്ടാക്കിയവരും നഷ്ടം നേരിട്ടവരും
അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, എറ്റേണൽ, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിൽ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, സണ് ഫാർമ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ.
എൻഎസ്ഇയിൽ 1075 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2213 എണ്ണം താഴ്ന്നു 84 എണ്ണത്തിൽ മാറ്റമുണ്ടായില്ല. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് (1.67%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നഷ്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് (1.58%) ആണ് മുന്നിൽ.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
വാല്യു ബയിംഗ്: ഇന്നലെ താഴ്ന്ന നിലവാരത്തിൽനിന്ന് വാല്യു ബയിംഗ് നടന്നതോടെ സൂചികകൾ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലും നഷ്ടമെന്നു തോന്നിച്ചിടത്ത് ഓട്ടോ, മെറ്റൽ, ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി എന്നിവയിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്.
ഇന്ത്യ വിക്സിന്റെ താഴ്ച: വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് കഴിഞ്ഞയാഴ്ചയിലെ കുതിപ്പിനുശേഷം നാലു ശതമാനത്തിലധികം താഴ്ന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷ: വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിനു മുകളിലാണ്.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് തടസം നേരിടുകയാണ്.
യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ഏഴു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ ഭൂരിഭാഗവും തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പാതയിലെ കപ്പലുകൾക്ക് അടന്പടി സേവിക്കാൻ വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.
International
ദുബായ്: അമേരിക്കയുടെ മൂന്ന് എഫ്-15 ഇ യുദ്ധവിമാനങ്ങൾ കുവൈത്തിൽ തകർന്നുവീണു. കുവൈത്ത് അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്ന് അമേരിക്ക പറയുന്നു.
എന്നാൽ, യുഎസ് യുദ്ധവിമാനങ്ങൾ തങ്ങൾ തകർത്തതാണെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അമേരിക്കൻ വ്യോമസേന അറിയിച്ചു.
ഇറാനെതിരേയുള്ള സൈനിക ഓപ്പറേഷനിൽ കുവൈത്ത് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കുന്നുവെന്നും യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
International
കുവൈത്ത് സിറ്റി: സംഘർഷങ്ങൾക്ക് പിന്നാലെ കുവൈത്തിൽ നിരവധി യുഎസ് സൈനിക വിമാനങ്ങൾ തകർന്നുവീണതായി റിപ്പോർട്ട്. അതേസമയം, വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും മിനിസ്ട്രി ഓഫ് ഡിഫെൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.
International
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ അമേരിക്കയുടെ എഫ്15 യുദ്ധ വിമാനം കുവൈറ്റിൽ തകർന്നുവീണു. വിമാനം തങ്ങൾ വീഴ്ത്തിയതാണെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.
വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളുമുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു.
ട്രംപിന്റെ ഭ്രാന്തമായ നീക്കങ്ങൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കൻ സൈനികരുടെ ജീവഹാനിയെക്കുറിച്ച് ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണെന്നും അലി ലാറിജാനി പറഞ്ഞു.
National
ചണ്ഡീഗഡ്: ഫരീദാബാദ്- ഗുരുഗ്രാം റോഡിൽ ട്രാഫിക്ക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. യുപി ബിജ്നോർ സ്വദേശി ഷാക്കിർ (50) ആണ് മരിച്ചത്.
ഷാക്കിർ സഹോദരൻ റഷീദിനൊപ്പം ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം ഉണ്ടായത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ഉടൻ തന്നെ ഇരുവരെയും കാർ ഡ്രൈവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുവെങ്കിലും ചികിത്സയിലായിരിക്കെ ഷാക്കിർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
റഷീദിന്റെ പരാതിയെ തുടർന്ന് കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
മാവേലിക്കര: കെഎസ്ആര്ടിസി ഡ്രൈവര് ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(49) ആണ് മരിച്ചത്.
ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില് മാവേലിക്കര നടയ്ക്കാവില് ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്പെട്ട യാത്രികരില് ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്ത്തിയത്.
പ്രദീപിനെ ഉടന് തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസില് 20 ഓളം യാത്രികര് ഉണ്ടായിരുന്നു.
പത്തനംതിട്ട-ഹരിപ്പാട് ചെയിന് സര്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്ഇഎ 885 വാഹനമാണ് അപകത്തില്പെട്ടത്. പത്തനംതിട്ടയില് നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.
പ്രദീപിന് മുന്പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില് ഒപ്റ്റിക്കല്സ്, ഫോര് ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്ഡുകളും മതിലും തകര്ന്നിട്ടുണ്ട്.
National
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മായബന്ദറിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പവൻ ഹാൻസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 8.45 ഓടെ ശ്രീ വിജയ പുരത്ത് (പോർട്ട് ബ്ലെയർ) നിന്നുമാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലെ മായാബന്ദറായിരുന്നു ലക്ഷ്യസ്ഥാനം. 9.30 ഓടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും മായാബന്ദറിനടുത്തുള്ള കടലിൽ ഇടിച്ചിറക്കുകയുമായിരുന്നു.
രണ്ട് ക്രൂ അംഗങ്ങളും ഒരു കുട്ടിയുൾപ്പെടെ അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏഴ് യാത്രക്കാരെയും കടലിൽ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് രോഗിയുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണു. ഛത്ര ജില്ലയിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. റാഞ്ചിയിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്.
പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്ന സഞ്ജയ് കുമാർ (41) ആണ് മരിച്ചത്. വിമാനത്തിൽ സഞ്ജയ് കുമാറിനെ കൂടാതെ പൊള്ളലേറ്റ ഒരു രോഗിയും രണ്ട് പൈലറ്റുമാരും മെഡിക്കൽ സംഘവുമടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്.
റാഞ്ചിയിൽ നിന്ന് രാത്രി 7:11 ന് ആണ് എയർ ആംബുലൻസ് പറന്നുയർന്നത്. ഡൽഹിയിലേക്കുള്ള യാത്രയിൽ ഛത്ര ജില്ലയിലെ വനമേഖലയിലാണ് അപകടം നടന്നത്. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും ഊർജിതമായി തുടരുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്എന്ഡിപി ജംഗ്ഷന് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടം. പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്നും വന്ന ലോറി മീഡിയനും മറി കടന്ന് എതിര്വശത്തുള്ള കൈവരിയില് ഇടിച്ചാണ് നിന്നത്. പുലര്ച്ചെയാണ് അപകടം നടന്നത്. ഈ സമയത്ത് റോഡില് മറ്റു വാഹനങ്ങള് ഇല്ലാതിരുന്നതിനാല് വലിയ അപകടമാണ് ഒഴിവായത്.
അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്. മൂവാറ്റുപുഴ നഗരവികസനത്തിന് ശേഷം നിരവധി അപകടങ്ങളാണ് ഇത്തരത്തില് പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല് കച്ചേരിത്താഴം വരെയുള്ള ഭാഗത്ത് ഉണ്ടായിട്ടുള്ളത്.
സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റുകളോ മറ്റു വെളിച്ച സംവിധാനങ്ങളോ ഒന്നും ഇല്ലാത്തത് അപകടങ്ങള്ക്ക് കാരണമാവുകയാണ്. നാറ്റ്പാക് ഉള്പ്പെടെയുള്ള സംഘങ്ങള് നഗരത്തില് പരിശോധനകള് പൂര്ത്തിയാക്കി മടങ്ങിയെങ്കിലും അവരുടെ റിപ്പോര്ട്ടോ മറ്റു നടപടിക്രമങ്ങളോ ഇതുവരെ പൂര്ത്തിയായിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതിയിൽ തകർന്നു വീണുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ സിസിടിവി കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും സെക്കൻഡുകൾക്കുള്ളിൽ വലിയൊരു അഗ്നിഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം നിലത്തിടിച്ച ഉടൻ തന്നെ വലിയ സ്ഫോടനങ്ങളോടെ തീ പടരുകയായിരുന്നു.
പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ.
രാവിലെ 8:10-ഓടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 8:45ഓടെ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണു. മെയ്ൻ സംസ്ഥാനത്തെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം.
ബോംബാർഡിയർ ചലഞ്ചർ 600 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.
പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്നവരുടെ അവസ്ഥയെക്കുറിച്ച് ഉടൻ ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തിൽ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം നടത്തുകയാണ്.
National
ബംഗുളൂരു: കർണാടകയിലെ സർക്കാർ സ്കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ പിടികൂടിയ പോലീസ്, കുട്ടികളെ രക്ഷിച്ച് മാതാപിതാക്കൾക്ക് കൈമാറി.
കർണാടകയിലെ ധാർവാഡിലാണ് സംഭവം. സർക്കാർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ മൂന്നാം ക്ലാസ് വിദ്യാർഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് കാണാതായത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും തിരച്ചിൽ ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരാൾ കുട്ടികളുമായി ബൈക്കിൽ പോകുന്നത് കണ്ടു.
അന്വേഷണത്തിനിടെ ഉത്തര കന്നഡയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. കുട്ടികളുമായി പോയ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ കണ്ടെത്താനായത്.
കരിം മേസ്ത്രി എന്നയാളാണ് കുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. യാത്രക്കിടെ നിയന്ത്രണം നഷ്ടമായ ഇയാളുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതേതുടർന്ന് കുട്ടികളെ വേഗത്തിൽ കണ്ടെത്താനായത്.
ഉലവി ചെന്നബസവേശ്വര ജാത്രയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് താൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോയതെന്ന് കരീം മേസ്ത്രി പോലീസിനോട് പറഞ്ഞു.
കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി. പരിക്കേറ്റ കരീം മേസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
National
ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കലയിൽ ചെറുവിമാനം ക്രാഷ് ലാൻഡിംഗ് നടത്തിയതിനെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇന്നലെ അന്വേഷണം ആരംഭിച്ചു.
ഇന്നലെ എഎഐബിയിലും ഡിജിസിഎയിലെയും ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു. ശനിയാഴ്ചയുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാരടക്കം ആറു പേർക്കു പരിക്കേറ്റു. ഒന്പതു സീറ്റുള്ള ഇന്ത്യവൺ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Kerala
വെഞ്ഞാറമൂട്: വാമനപുരം അമ്പലമുക്കിൽ റിംഗ് റോഡിൽ ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല.
രാവിലെ 11 മണിയോടെ വട്ടയം ഇറക്കത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പിക് അപ്പ് വാനിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാൻ സമീപത്തെ വീടിന്റെ മതിലും ഇടിച്ചു തകർത്താണ് നിന്നത്.
ജില്ലാ പഞ്ചായത്ത് അംഗമായ പി.വി. രാജേഷിന്റെ വീടിന്റെ മതിലാണ് തകർന്നത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
NRI
ടെക്സസ്: മെക്സിക്കോയിൽ നിന്ന് പറന്നുയർന്ന വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
മെക്സിക്കോയിലെ മെറിഡയിൽ നിന്നും ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുപോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു അപകടം. മരിച്ചവരിൽ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഗാൽവെസ്റ്റൺ കോസ്വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്.
ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് വിവരം ലഭിക്കുന്നത്. ഉടൻ സംഭവസ്ഥലത്ത് എത്തിയ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും ചേർന്ന് രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽ ഒരു കുട്ടിയെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റുന്നതായി കാണാം. അതേസമയം അപകടകാരണം വ്യക്തമല്ല.
യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്നവർ മെക്സിക്കൻ നാവികസേനയുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്തവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
International
മിയാമി: ലയണൽ മെസിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് അപകടം.
മരിയ അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയ്ക്കും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റു. മയാമിയിൽ വച്ചാണ് മരിയ ഓടിച്ച എസ്യുവി അപകടത്തിൽപെട്ടത്.
മരിയ, മാതാവിന്റെയും കുടുംബത്തിന്റെയും പരിചരണത്തിലാണ്. മെസിയുടെ ക്ലബായ ഇന്റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
അപകടത്തെ തുടർന്ന് വിവാഹം നീട്ടിവച്ചു. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവയ്ക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.
Kerala
പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്ഥാടകര് സഞ്ചരിച്ച ഇന്നോവ കാര് നിയന്ത്രണം വിട്ട് വീടിന്റെ മതിലില് ഇടിച്ച് നാലുപേര്ക്ക് പരിക്ക്.
കൈപ്പട്ടൂര് പോലീസ് ഫിംഗര് പ്രിന്റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാര് കൈപ്പട്ടൂര് കാവുംകോട്ട് ജോര്ജിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്പെട്ടത്. ഡ്രൈവര് ഹേമന്ത്, യാത്രക്കാരായ സുനില് (50), മണികണ്ഠന് (45), അര്ജുന് (14) എന്നിവര്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്ന്ന് ഡ്രൈവര് വാഹനത്തില് നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്ഫോഴ്സ് സംഘം പത്തനംതിട്ട ജനറല് ആശുപത്രിയിലെത്തിച്ചു.
National
ന്യൂഡൽഹി: ദുബായി എയർ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു. മൃതദേഹം ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ എത്തിച്ചു കുടുംബത്തിനു കൈമാറും.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബായിൽ നിന്നും കൊണ്ടുവന്നത്. ദുബായിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അടക്കമുള്ളവർ മൃതദേഹത്തിൽ ആദരം അർപ്പിച്ചു.
വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായി ദുഃഖം രേഖപ്പെടുത്തി. സമർപ്പണബോധമുള്ള പൈലറ്റും സമഗ്രമായ പ്രഫഷണലുമായ നമാൻഷ് അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയാൽ രാഷ്ട്രത്തെ സേവിച്ചുവെന്നുംഅദ്ദേഹത്തിന്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെ ടുമെന്നും പ്രസ്താവനയിൽ വ്യോമ സേന അറിയിച്ചു.
International
ന്യൂഡൽഹി: ദുബായി എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു പൈലറ്റിന് വീരമൃത്യു. എയർഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
താഴെവീണ യുദ്ധവിമാനം പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദുബായി സമയം ഉച്ചയ്ക്ക് 2.10 ന് അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് എയർ ഷോ താത്കാലികമായി നിർത്തിവച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് നാല് പേർ മരിച്ചു. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ യാത്രക്കാരെ ട്രെയിനിടിക്കുകയായിരുന്നു. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഇന്ന് രാവിലെ ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
മൂന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ബിലാസ്പുർ ജില്ലയിലെ ജയ്റാംനഗർ സ്റ്റേഷനു സമീപമുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഒരേ ട്രാക്കിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. മെമു ട്രെയിൻ മുന്നിൽപ്പോയ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയിൽവേ വ്യക്തമാക്കി.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോര്ട്ട്. അപകടത്തെ തുടർന്ന് ബിലാസ്പൂർ - കാട്നി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കിയെന്നും ചിലത് വഴിതിരിച്ചു വിട്ടെന്നും അധികൃതർ പറഞ്ഞു.
International
ഹോങ്കോംഗ്: ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു. അപകടത്തിൽ രണ്ടുപേർ മരിച്ചു.
ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടമുണ്ടായത്. ദുബായിയിൽ നിന്നു വന്ന എസിടി എയർലൈൻസിന്റെ ബോയിംഗ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം കടലിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു.
അപകടത്തെ തുടർന്ന്, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കൻ റൺവേ അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം തെക്ക്, മധ്യ റൺവേകൾ തുടർന്നും പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയര് ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര് വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എടുത്തത്.
ഈ വിവരങ്ങൾ ദില്ലിയിലെ ലാബിൽ പരിശോധിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ, അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
ജൂൺ 13ന് വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.
National
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 294 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
പരിക്കേറ്റ് ചികിത്സയില് കഴിയുന്ന 12 വിദ്യാര്ഥികളുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. ഇവര് അഹമ്മദാബാദില് വിവിധ ആശുപത്രികളിലായി ചികിത്സയില് കഴിയുകയാണ്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കൈമാറുന്നതിനുള്ള നടപടികൾ തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാൽ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചശേഷമേ വിട്ടുകൊടുക്കൂ. ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണം നടക്കുന്നത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന.
ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില് പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
അതിനിടെ, വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. ഇത് ഫോറൻസിക് ലാബിന് കൈമാറും.
വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുന്ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചില് തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് എയര് എന്ത്യ വിമാനം അഹമ്മദാബാദിലെ സര്ദാര് വല്ലഭായി പട്ടേല് വിമാനത്താവളത്തില്നിന്നു പറന്നുയര്ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്ക്കകം വിമാനം തകര്ന്നുവീണു കത്തി. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില് 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്ച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയന് പൗരനുമാണ്.
യാത്രക്കാരിൽ 11 കുട്ടികളും രണ്ടു കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര് രമേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര് രക്ഷപ്പെട്ടത്.
ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മലയാളിയും മരിച്ചു. യുകെയിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരാണു മരിച്ച മലയാളി.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്ന്നുവീണു. ലണ്ടനിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര് വിമാനമാണ് അപകടത്തില്പ്പെട്ടത്. വിമാനത്തില് 242 യാത്രക്കാര് ഉണ്ടായിരുന്നെന്നാണ് വിവരം.
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില് ഇടിച്ച ശേഷം തകര്ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അര്ധസൈനിക വിഭാഗങ്ങളോട് എത്രയും വേഗം അപകടസ്ഥലത്തെത്താന് നിര്ദേശം നല്കിയിട്ടുണ്ട്.