കൊച്ചി: സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ കേരള ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ ‘എംഎസ്സി എൽസ-3' എന്ന കപ്പലിലെ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്.
തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പാസ്പോർട്ടുകൾ തിരികെ നൽകാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നൽകിയത്.
കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കപ്പലിന്റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്ഐആറിൽ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു.
ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഹർജി മേയ് 29ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയൻ പതാകയുള്ള കപ്പൽ മുങ്ങിയതിനെത്തുടർന്ന് വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്.