ദോഹ: വെടിക്കെട്ട് ബാറ്റിംഗ് വൈഭവത്താല്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇന്ത്യന്‍ കൗമാരക്കാരന് വൈഭവ് സൂര്യവംശി.
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗത്തിലുള്ള രണ്ടാമത്തെ സെഞ്ചുറിയെന്ന റിക്കാര്‍ഡ് സൂര്യവംശി കുറിച്ചു. ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാഴ്സ് ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുഎഇക്ക് എതിരേ 32 പന്തില്‍ സെഞ്ചുറി നേടിയാണ് വൈഭവ് സൂര്യവംശി റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയത്. 42 പന്തില്‍ 11 ഫോറും 15 സിക്സും അടക്കം 144 റണ്‍സ് സൂര്യവംശിയുടെ ബാറ്റില്‍നിന്നു പിറന്നു.
32 പന്തിൽ സെഞ്ചുറി
ഇന്ത്യക്കാരുടെ അതിവേഗ ട്വന്റി-20 സെഞ്ചുറിയില്‍ ഉര്‍വില്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവര്‍ക്കു പിന്നില്‍ ഋഷഭ് പന്തിനൊപ്പം സൂര്യവംശിരണ്ടാം സ്ഥാനത്തെത്തി. ഋഷഭ് പന്തും 32 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. 2024 മുഷ്താഖ് അലിയില്‍ 28 പന്തില്‍ സെഞ്ചുറിനേടിയാണ് ഉര്‍വിലും അഭിഷേകും ഒന്നാം സ്ഥാനം പങ്കിടുന്നത്.
ഇന്ത്യ എയ്ക്കു ജയം
സൂര്യവംശിക്കൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും (32 പന്തില്‍ 83 നോട്ടൗട്ട്) തിളങ്ങിയപ്പോള്‍ ഇന്ത്യ എ 20 ഓവറില്‍ 297/4 റണ്‍സ് നേടി. യുഎഇയുടെ മറുപടി 20 ഓവറില്‍ 149/7ന് അവസാനിച്ചു. ഇന്ത്യ എയ്ക്ക് 148 റണ്‍സ് ജയം.