Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CrimeCases

ലഹരിക്കൊലകളിൽ നടുങ്ങി ഇടുക്കി; മാസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത് നിരവധി പേർ

തൊടുപുഴ: തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങളില്‍ നടുങ്ങി ഇടുക്കി ജില്ല. അടിക്കടിയുണ്ടാകുന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ജില്ലയെ അതീവ ഭീതിയിലാഴ്ത്തിട്ടുണ്ട്. കൂടുതല്‍ കൊലപാതക കേസുകളിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതി സ്ഥാനത്തു വരുന്നത്. ലഹരിയുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം അക്രമങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍.

അമ്മയെ കൊലപ്പെടുത്തി

കൂട്ടു ചേര്‍ന്നും മറ്റും ലഹരി കഴിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങളാണ് പലപ്പോഴും ക്രൂരമായ കൊലപാതകത്തിലെത്തുന്നത്. മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയതും അമ്മയെയും സഹോദരനെയും യുവാവ് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മറവു ചെയ്തതും ജില്ലയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതും മകന്‍റെ കൈകളാല്‍ പിതാവ് കൊല്ലപ്പെട്ട സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒടുവിലത്തേതാണ് തൊടുപുഴ മൈലാടുംപാറയില്‍ അമ്മയെ ലഹരിക്കടിമയായ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം.

തൊടുപുഴ ഇടവെട്ടി മൈലാടുംപാറയില്‍ തറപ്പേല്‍ റെയ്ച്ചല്‍ (63) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ലിജോയെ (38) ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ലഹരിക്കടിമയായ പ്രതി മദ്യലഹരിയില്‍ ആണ് കൃത്യം നടത്തിയത്.

മാതാപിതാക്കൾ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം എഴുകുംവയലില്‍ ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും മകന്‍റെ അമിത ലഹരി ഉപയോഗമായിരുന്നു. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന ആന്‍റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന്‍ അജീഷിനെയാണ് പോലീസ് പിടികൂടിയത്.
അമ്മയെയും മകനെയും യുവാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവം നെടുങ്കണ്ടം പച്ചടിയിലാണ് ഉണ്ടായത്. പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടിയുടെ മകന്‍ സജിയാണ് കൊലപാതകങ്ങള്‍ നടത്തിയത്.

ജ്യേഷ്ഠനെ കൊലപ്പെടുത്തി

ഉടുമ്പന്നൂര്‍ പെരിങ്ങാശേരി ബൗണ്ടറിയില്‍ അനുജനാണ് ജ്യേഷ്ഠനെ കുത്തിക്കൊന്നത്. പെരിങ്ങാശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി-58) ആണ് മരിച്ചത്. അനുജന്‍ കുട്ടപ്പായി എന്നു വിളിക്കുന്ന ബിജു (53) പോലീസ് പിടിയിലായി.

സുഹൃത്തുക്കൾ കൊല്ലപ്പെട്ടു

ഇരട്ടയാറില്‍ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉപ്പുകണ്ടം വയലുങ്കല്‍ രാഹുല്‍ സണ്ണി(33) മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ഇരട്ടയാര്‍ വള്ളോപ്പള്ളില്‍ സജയനെ രാമചന്ദ്രനെ(33) പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ കുടുംബ പ്രശ്‌നത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ കല്ലുമാലിക്കല്‍ പാപ്പച്ചന്‍റെ മകന്‍ രാജന്‍ (26) കുത്തേറ്റു മരിച്ചു.
ബന്ധുവും അയല്‍വാസിയുമായ കല്ലുവേലിക്കല്‍ അനൂപിനെ (22) കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.

അടിമാലിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കരുനാഗപ്പള്ളി വെളിയില്‍ കിഴക്കേതില്‍ പാപ്പച്ചനെ(65) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു കണ്ടെത്തിയിരുന്നു. പാപ്പച്ചന്‍റെ സുഹൃത്തും അടിമാലിയില്‍ താമസിക്കുന്ന സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി ആരോഗ്യദാസ് (46) ആയിരുന്നു പ്രതി.

സഹപ്രവർത്തകനെ കൊലപ്പെടുത്തി

ഏലപ്പാറയില്‍ ലോഡ്ജില്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടിരുന്നു. കോതമംഗലം സ്വദേശി മനു ജോസഫ് (45) ആണു കൊല്ലപ്പെട്ടത്. ബംഗാള്‍ സ്വദേശി സെയ്ഫുദീന്‍ മണ്ഡലിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് തൂക്കുപാലം ടൗണില്‍ യുവാവ് കുത്തേറ്റു മരിച്ചത്. ഓട്ടോ തൊഴിലാളിയായ രതീഷ് സി. നായര്‍ (39) ആണു കൊല്ലപ്പെട്ടത്.
ഇയാളുടെ പിതൃസഹോദര പുത്രന്‍ അനൂപ് വിശ്വനാഥനാണ് (41) കൊലപാതകം നടത്തിയത്. മകന്‍ തലയ്ക്കു കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പന്‍ (75) കൊല്ലപ്പെട്ട സംഭവം നടന്നത് ഫെബ്രുവരിയിലാണ്. കേസില്‍ മകന്‍ രാജേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെ കൊലപ്പെടുത്തി

ഉപ്പുതറ മത്തായിപ്പാറയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം നടന്നത് ജനുവരിയിലാണ്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില്‍ രജനിയെ(38) തലയില്‍ മാരകമായി പരിക്കേറ്റു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഓട്ടോഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ് -40) വീടിനു സമീപത്തെ കൃഷിയിടത്തില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനു പുറമെ ഒട്ടേറെ അക്രമ സംഭവങ്ങളും ജില്ലയില്‍ ഈ വര്‍ഷം നടന്നു. ബാറിലെ അടിപിടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല സംഭവങ്ങളിലും കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Latest News

Corehub Up