ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കെട്ടിടത്തില്‍ ബേക്കറി ബോര്‍മ നടത്തുന്ന പാലക്കാട് സ്വദേശിയായ സതീശനാണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
അപടത്തെത്തുടര്ന്ന് അഞ്ചുപേരെയും ഉടന്‍തന്നെ പ്രദേശവാസികള്‍ കെട്ടിടാവശിഷ്ടങ്ങള്ക്കുള്ളില്നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സതീശനെ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ ബാക്കി നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സതീശന്റെ മൃതദേഹം ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. സബിതയാണു ഭാര്യ. മകള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.
കഴിഞ്ഞ ആറിന് ഡല്‍ഹി സത്യനികേതനിൽ അഞ്ചുനിലക്കെട്ടിടം തകര്‍ന്ന് ഏഴു മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അധികൃതര്‍ ഡല്‍ഹിയില്‍ വ്യാപക പരിശോധനകള്‍ നടത്തുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിയമവിരുദ്ധമായി നിര്‍മിച്ചതുമായ 596ലധികം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും 190 ഓളം കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തിരുന്നു.