പുനലൂർ: തീർഥാടകരുടെയും വാഹനങ്ങളുടെയും തിരക്കു വർധിച്ചതോടെ പുനലൂർ മിനി പമ്പയിലെ കാര്യങ്ങൾ നിയന്ത്രണാതീതമായി. തിരക്കു കാരണം കൊല്ലം-ചെങ്കോട്ട ദേശീയപാതയിലും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലും മിക്കപ്പോഴും ഗതാഗത തടസവും കുരുക്കുമാണ്.
മകരവിളക്കിനായി ഇതര സംസ്ഥാനങ്ങളിൽനിന്നു തീർഥാടകർ ധാരാളമായി പുനലൂർ വഴി എത്തുന്നുണ്ട്. ഇവർ വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും സാധനങ്ങൾ വാങ്ങാനുമായി പുനലൂർ ടിബി ജംഗ്ഷനിലെ മിനി പമ്പയിലാണ് സമയം ചെലവഴിക്കുന്നത്.
പാതയുടെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടു തീർഥാടകർ ആവശ്യങ്ങൾക്ക് ഇറങ്ങുന്നതോടെ മൊത്തത്തിൽ തിരക്കാവുന്നു. ഇതു കുരുക്കായി രൂപപ്പെടുകയാണ്. ഇവിടെ തിരക്കു നിയന്ത്രിക്കാൻ 19 സ്പെഷൽ പോലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിയന്ത്രണത്തിന് അപ്പുറമായി കാര്യങ്ങൾ. ഇടയ്ക്കിടെ പോലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ നേരാംവണ്ണമാക്കാൻ കഴിയുന്നില്ല.
വാഹനങ്ങളുടെ പാർക്കിംഗിനു കൃത്യമായി നിയന്ത്രണം ഇല്ലാത്തതാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പാതയുടെ വശത്തുള്ള താൽക്കാലിക കടകൾക്കുമുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതോടെ കുരുക്കു രൂക്ഷമാവുകയാണ്.