തൊടുപുഴ: യുഎസ്-ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതകത്തിന് ക്ഷാമം നേരിടുമെന്ന സൂചനയെത്തുടര്‍ന്ന് പാചകവാതക വിതരണ ഏജന്‍സികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്.
പുലര്‍ച്ചെ മുതല്‍ പാചകവാതക ഏജന്‍സികളിലേക്ക് ജനങ്ങള്‍ എത്തുന്നുണ്ട്. ജനത്തിരക്ക് ഏറിയതോടെ സിലിണ്ടറുകള്‍ നല്‍കുന്നതിന് നിയന്ത്രണവും ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തി. തൊടുപുഴയിലെ പാചകവാതക വിതരണ ഏജന്‍സികള്‍ക്കു മുന്നില്‍ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒടുവില്‍ പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. പാചകവാതകം എടുക്കാനെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് ഏജന്‍സി അധികൃതര്‍ തിരിച്ചയച്ചത്. ടോക്കണ്‍ നമ്പരിലെ ഊഴമനുസരിച്ച് അടുത്ത ദിവസം ഏജന്‍സിയിലെത്തി സിലിണ്ടര്‍ കൈപ്പറ്റണമെന്നാണ് നിര്‍ദേശം.
ഹോട്ടലുകള്‍ക്കുള്ള വാണിജ്യ സിലിണ്ടറുകള്‍ക്കു പുറമേ വീടുകളിലേക്കുള്ള ഗാര്‍ഹിക സിലിണ്ടറുകളും ഇപ്പോള്‍ നിയന്ത്രണത്തോടെയാണ് നല്‍കുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്ക് ചെയ്താല്‍ അടുത്ത ദിവസംതന്നെ പാചകവാതകം ലഭിക്കുമായിരുന്നു. ഇപ്പോള്‍ 25 ദിവസത്തെ ഇടവേളയില്‍ മാത്രമേ പാചകവാതകം ലഭിക്കൂ എന്നതാണ് സ്ഥിതി.
മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കൂ. ബുക്ക് ചെയ്യുന്നവര്‍ക്ക് സിലിണ്ടര്‍ വില ഉള്‍പ്പെടെ ഒടിപിയായി ഫോണില്‍ ഡിഎസി നമ്പര്‍ ലഭിക്കും. ഇത് വിതരണത്തിനെത്തുന്നവര്ക്ക് നല്കിയാല് മാത്രമേ സിലിണ്ടറുകള്‍ ലഭിക്കൂ. കഴിഞ്ഞ ദിവസം സിലിണ്ടറുകള്‍ക്ക് വില കൂടുന്നതിനു മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിഎസി നമ്പര്‍ ഫോണില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ വിലവര്‍ധന നിലവില്‍വന്നതോടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മെസേജ് ഫോണില്‍ ലഭിക്കുന്നില്ല. ഇതോടെയാണ് ആളുകള്‍ കൂട്ടത്തോടെ വിതരണ ഏജന്സികളിലേക്കെത്തിയത്.
എന്നാല്‍ പാചകവാതകത്തിനായി എത്തുന്നവര്‍ക്ക് ഉടന്‍തന്നെ സിലിണ്ടര്‍ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. വാഹനങ്ങളില്‍ കാലി സിലിണ്ടറുകളുമായി എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഇവര്‍ക്ക് ടോക്കണ്‍ നല്കി മൂന്നു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞയയ്ക്കുകയായിരുന്നു.
പാചകവാതകത്തിന് ക്ഷാമം നേരിടുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും വിതരണ ഏജന്‍സികളില്‍ വലിയ തിരക്കനുഭവപ്പെടുമെന്നാണ് സൂചന. ജില്ലയില്‍ മൂന്നര ലക്ഷത്തോളം പാചകവാതക ഉപഭോക്താക്കളാണുള്ളത്.
ഇതിനിടെ ഹോട്ടലുകള്‍ക്കും മറ്റും നല്കുന്ന വണിജ്യ സിലിണ്ടറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. ഹോട്ടലുകള്‍, തട്ടുകടകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രതിസന്ധി നേരിടുന്നത്. ടൗണുകളില്‍ ഇത്തരം സ്ഥാപനങ്ങളിലെല്ലാം ഭക്ഷണം പാചകം ചെയ്യുന്നത് പാചകവാതകം ഉപയോഗിച്ചാണ്.
അതിനാല്‍ പല സ്ഥാപനങ്ങളും വരുംദിവസങ്ങളില്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ചില ഹോട്ടലുകള്‍ വിറകടുപ്പുകള്‍ ഉപയോഗിച്ചുതുടങ്ങി. ഇതിനിടെ അവസരം മുതലാക്കി കരിഞ്ചന്തയില്‍ പാചക വാതക വില്‍പ്പന നടത്തുന്നവരും തകൃതിയായി രംഗത്തെത്തിയിട്ടുണ്ട്. വന്‍ വിലയ്ക്ക് പാചകവാതകം വില്‍പ്പന നടത്തുന്നതിനായി നേരത്തേതന്നെ ഇത്തരക്കാര്‍ സിലിണ്ടറുകള്‍ ശേഖരിച്ചതായാണ് സൂചന.
നിലവില്‍ ജില്ലയില്‍ പാചകവാതകത്തിന് ക്ഷാമമില്ലെന്ന് സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. പെട്രോളിയം ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ 25 ദിവസത്തെ ഇടവേളയില്‍ മാത്രമേ സിലിണ്ടറുകള്‍ നിറയ്ക്കാനാവൂ എന്ന നിബന്ധന മാത്രമാണുള്ളത്. വിതരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കണമെന്ന്
കുമളി: ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമുള്ള ഗ്യാസ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പേരിലുള്ള നിയന്ത്രണം ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിനു വരുന്ന സംരംഭങ്ങളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കുന്ന തീരുമാനം കേന്ദ്രം പിൻവലിക്കണം.
യോഗത്തിൽ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, ട്രഷറർ ആർ. രമേശ്, പി.എം. ബേബി, തങ്കച്ചൻ കോട്ടക്കകം, ബാബുലാൽ, സിബി കൊച്ചുവള്ളാട്ട്, ടി.സി. രാജു, റോയ് വർഗീസ്, ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.