ഇരിക്കൂർ: ഇരിക്കൂറിന്റെ വിവിധ ഭാഗങ്ങളിൽ കാക്കകളും കോഴികളും കൂട്ടത്തോടെ ചത്തുവീഴുന്നു. സംഭവത്തിൽ പക്ഷിപ്പനി സംശയിക്കുന്നതായി അധികൃതർ. എന്നാൽ, ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
പട്ടീൽ, പൈസായി, മാമാനം, കമാലിയ സ്കൂളിന്റെ പിൻവശം എന്നീ പ്രദേശങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളിലായി പക്ഷികൾ ചത്തുവീഴുന്നതായി കണ്ടെത്തിയത്. ആദ്യമൊക്കെ നിസാരമായി കരുതിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാക്കകൾ ചത്തുവീഴുന്നത് നാട്ടുകാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദിന്റെ നിർദേശപ്രകാരം വെറ്ററിനറി ഡോക്ടർ അനു ദിനേശിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പൈസായി സിദ്ദീഖ് നഗർ ഭാഗങ്ങളിൽ നിരവധി കോഴികളും ചത്തുവീണതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് ശക്തി കൂടി. പ്രസിഡന്റ് സി.കെ. മുഹമ്മദ്, ബി.പി. നലീഫ, ആർ.പി. താഹിറ, ഷീബ പ്രമോദ് എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ചത്ത പക്ഷികളുടെ കണ്ണുകളിൽനിന്നും തൊണ്ടയിൽനിന്നും മറ്റും ശേഖരിച്ച സ്വാബുകൾ പരിശോധനക്കായി കണ്ണൂരിലെ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്കും തുടർന്ന് വിശദമായ പരിശോധനയ്ക്കായി സാമ്പിൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനാഫലം ലഭിക്കും. ഫലം വന്നാൽ മാത്രമേ മരണകാരണം പക്ഷിപ്പനിയാണോ എന്ന് കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കൂ.
ചത്ത പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും നീക്കം ചെയ്യുമ്പോഴും നിർബന്ധമായും കൈയുറകളും മാസ്കും ധരിക്കണമെന്നും ചത്ത പക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി മൂടുകയോ അല്ലെങ്കിൽ കത്തിച്ചുകളയുകയോ ചെയ്യണമെന്നും ഡോ. അനു ദിനേശ് വ്യക്തമാക്കി.
മുന്പ് സമാനമായ രീതിയിൽ നിർജലീകരണം മൂലവും കാക്കകൾ ചത്തൊടുങ്ങിയിട്ടുണ്ട്. അതിനാൽ പരിശോധനാഫലം വരുന്നതുവരെ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ, കർശന ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.