വാഷിംഗ്ടൺ: അമേരിക്കയിലെ മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ മറിഞ്ഞെങ്കിലും കപ്പലിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്താനായതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ 32 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറ്റ്ലാന്റിക് അസ്ഫാൽറ്റ് എന്ന ടാങ്കർ കപ്പലും അമേരിക്കൻ ക്രൂയിസ് ലൈൻസ് പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ ഹെറിറ്റേജ് എന്ന റിവർബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 190 പേരാണ് കപ്പലിലുണ്ടായിരുന്നത്. 32 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ആരുടെയും പരിക്ക് ഗുരുതരമല്ല. രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് പൊലിസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. ഫ്രഞ്ച് ക്വാർട്ടർ പിന്നിട്ട് മിസിസിപ്പി നദിയിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയായിരുന്ന അറ്റ്ലാന്റിക് അസ്ഫാൽറ്റ് എന്ന ടാങ്കർ കപ്പൽ, ഒരു പാലത്തിനടിയിലൂടെ കടന്നുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് യാത്രാ കപ്പലിന്റെ ഡോക്കിംഗ് പോയിന്റിന് സമീപത്തുവച്ച് ടാങ്കർ ക്രൂയിസ് ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്ന് പോർട്ട് അധികൃതർ വ്യക്തമാക്കി.
നദിയിൽ ഏകദേശം രണ്ട് മണിക്കൂറോളം നിർത്തിയിട്ടിരുന്ന അമേരിക്കൻ ഹെറിറ്റേജ് കപ്പലിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. കപ്പൽ വശത്തേക്ക് ചരിഞ്ഞു വീഴുന്നതിന് മുമ്പ് 87-ഓളം പേരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർക്കായി.
മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ടാങ്കർ കപ്പലിന് 525 അടി നീളവും 77 അടി വീതിയുമുണ്ട്. 2015-ൽ നിർമിച്ച പാഡിൽ-വീൽ റിവർബോട്ട്, 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്.
യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യങ്ങളും മറ്റ് സഹായങ്ങളും ക്രൂയിസ് ഓപ്പറേറ്ററായ അമേരിക്കൻ ക്രൂയിസ് ലൈൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. 'അതിഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഉൾപ്പെട്ട എല്ലാവരുടെയും കാര്യത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്' - കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
അപകടത്തിന് പിന്നിലെ സാഹചര്യം വ്യക്തമാക്കാൻ യുഎസ് കോസ്റ്റ് ഗാർഡും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മിസിസിപ്പി നദിയിലൂടെയുള്ള കപ്പൽ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.