തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ, കോളജ് ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിലൂടെ എഴുത്തിന്റെയും വായനയുടെയും നല്ല സംസ്കാരം രൂപപ്പെടുത്താൻ സാധിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച "വോട്ടുചരിതം 2026’ പുസ്തകം തിരൂരങ്ങാടി പിഎസ്എംഒ കോളജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. എഡിഎം പി.ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സണ് എം. അബ്ദുറഹിമാൻകുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു, കോളജ് മാനേജർ എം.കെ. ബാവ, കോഴിക്കോട് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഗായകൻ ഫിറോസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തീർഥ സത്യന്റെ സംഗീത വിരുന്നും ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷ്മിയുടെ ഭരതനാട്യവും അരങ്ങേറി.