തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന സർക്കാരാണ് 50,000 രൂപ നഷ്ടപരിഹാരം നൽകേണ്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽവച്ച് പൊലിസുകാരുടെ മർദനമേറ്റത്. പിന്നീട് രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് മർദനത്തിന്‍റെ സിസിടിവി ദൃശ്യം സുജിത്ത് പുറത്തുകൊണ്ടുവന്നത്. തുടർന്ന് നാല് പോലിസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
തന്നെ മർദിച്ച എല്ലാവരേയും സർവീസിൽ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അന്ന് സുജിത്ത് പറഞ്ഞിരുന്നു. ആ സമയത്ത് തന്നെയാണ് വി.എം. സുധീരൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.
അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതു മുതൽ സ്റ്റേഷനുള്ളിൽ അർധനഗ്നനായി നിർത്തി പല തവണ ചെകിടത്തടിക്കുന്നതിന്‍റെയും കുനിച്ചുനിർത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പൊലിസ് ഇടിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തെത്തുടർന്ന് സുജിത്തിന്‍റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
വിവരാവകാശ കമ്മിഷൻ അംഗം സോണിച്ചൻ ജോസഫിന്‍റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് അന്ന് സുജിത്തിന് ദൃശ്യങ്ങൾ കൈമാറിയത്. പൊലിസ് സ്റ്റേഷനിലും അസി. കമ്മിഷണർ ഓഫീസിലും കമ്മിഷണർ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.