അമേരിക്കയിലെ ടെക്സസിൽ സ്വന്തം ടെസ്ല സൈബർ ട്രക്കിന്റെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ യുവാവ് ഒടുവിൽ ജയിലിലായി. ഗ്രേപ്വൈൻ തടാകത്തിലേക്ക് തന്റെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഓടിച്ചിറക്കിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് നടപടിയെടുത്തത്.
വാഹനത്തിലെ പ്രത്യേക ഫീച്ചറായ 'വേഡ് മോഡ്' എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ടറിയാനായിരുന്നു ഉടമയുടെ ശ്രമം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കേറ്റിസ് വുഡ്സ് ബോട്ട് റാമ്പിന് സമീപമാണ് സംഭവം നടന്നത്.
വെള്ളത്തിലൂടെ സുഗമമായി ഓടിക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനായി തടാകത്തിലേക്ക് ഇറക്കിയ വാഹനം നിമിഷങ്ങൾക്കകം നിയന്ത്രണം വിട്ട് വെള്ളത്തിൽ താഴുകയായിരുന്നു.
വാഹനം മുങ്ങുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഉടൻ തന്നെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ട്രക്കിനുള്ളിൽ വെള്ളം കയറി വാഹനം പൂർണമായും പ്രവർത്തനരഹിതമായിക്കഴിഞ്ഞിരുന്നു.
അപകടം തിരിച്ചറിഞ്ഞ ഡ്രൈവറും കൂടെയുണ്ടായിരുന്ന യാത്രക്കാരും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഗ്രേപ്വൈൻ ഫയർ ഡിപ്പാർട്ട്മെന്റിലെ വാട്ടർ റെസ്ക്യൂ ടീം ഏറെ പരിശ്രമിച്ചാണ് തടാകത്തിൽ മുങ്ങിയ ട്രക്ക് കരയ്ക്കെത്തിച്ചത്.
ആഴമില്ലാത്ത വെള്ളക്കെട്ടുകൾ മുറിച്ചുകടക്കാൻ സഹായിക്കുന്നതിനായി വാഹനത്തിന്റെ ഉയരം കൂട്ടുന്ന സംവിധാനമാണ് ടെസ്ലയുടെ 'വേഡ് മോഡ്'. എന്നാൽ ഇത് ഡ്രൈവർ നേരിട്ട് പ്രവർത്തിപ്പിക്കേണ്ടതാണെന്നും ആഴമുള്ള ജലാശയങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളതല്ലെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്. അമിതമായ ആത്മവിശ്വാസവും വാഹനത്തിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള തെറ്റായ ധാരണയുമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനം തകരാറിലാകാനും ഉടമ ജയിലിലാകാനും കാരണമായത്.