കൊളംബോ: പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഒൻപത് മാസം ഗർഭിണിയായ സ്ത്രീയെ രക്ഷപ്പെടുത്തി അടിയന്തര വൈദ്യസഹായം നൽകിയെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ഇതുവരെ 90 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കടുവെല, ബദുള്ള, പുട്ടാളം എന്നിവിടങ്ങളിലാണ് സംഘത്തിന്റെ സാന്നിധ്യമുള്ളത്. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ നടപ്പാക്കുന്ന ഇടപെടലിന്റെ ഭാഗമായി, ദുരിതബാധിത മേഖലകളിൽ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ 5.5 ടൺ സഹായവസ്തുക്കൾ എത്തിച്ചതായും ഹൈക്കമ്മീഷൻ വ്യക്തമാക്കി.
ബദുള്ള മേഖലയിൽ കാണാതായവർക്കായി എൻഡിആർഎഫ് തെരച്ചിലും നടത്തുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുകന്യ ട്രിങ്കോമാലിയിൽ എത്തിച്ച സഹായവസ്തുക്കൾ ശ്രീലങ്കൻ വ്യോമസേന വായുമാർഗം കിഴക്കൻ മേഖലയിലെത്തിച്ചു വിതരണം ചെയ്തു. ദിത്വ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശനഷ്ടങ്ങളുമാണ് ശ്രീലങ്കയിൽ ഉണ്ടായിരിക്കുന്നത്.
നവംബർ 16 മുതൽ ആരംഭിച്ച പ്രതികൂല കാലാവസ്ഥയിൽ ഇതുവരെ 465 പേർ മരിക്കുകയും 336 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ 25 ജില്ലകളിലായി 382,651 കുടുംബങ്ങളിലെ 1,373,899 പേരെ ബാധിച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ പറയുന്നു.