ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെയോടൊപ്പം പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ഉപമുഖ്യമന്ത്രിമാർ സർക്കാരിൽ ഉണ്ടാകും.
ഉപമുഖ്യമന്ത്രിമാർ ദളിത്, ലിങ്കായത്ത് വിഭാഗത്തിൽ നിന്നുള്ളവരാകും. എം.ബി.പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ഡോ.യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാകും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാർ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങിനായി ജൂൺ മൂന്ന്, അഞ്ച് എന്നീ രണ്ട് തീയതികളാണ് ഡി.കെ. ശിവകുമാർ ഗവർണർക്ക് മുന്നിൽ നിർദേശിച്ചത്.
ഇതിൽ ജൂൺ മൂന്ന് ബുധനാഴ്ച ചടങ്ങുകൾ നടത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്. വിധാൻ സൗധയിലോ ലോക് ഭവനിലോ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താമെന്നും ശിവകുമാർ ഗവർണറെ അറിയിച്ചിട്ടുണ്ട്.