Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ബജറ്റിൽ പ്രഖ്യാപിച്ച ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക നൽകാൻ ഓരോ മാസവും 615 കോടി രൂപ വീതം അധികമായി കണ്ടെത്തേണ്ടിവരുമെന്നു കണക്ക്. നിലവിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശന്പളവും പെൻഷനും നൽകാൻ 4,800 കോടിയോളം രൂപയാണു പ്രതിമാസം വേണ്ടിവരുന്നത്. ഇതിനൊപ്പമാണ് 615 കോടി രൂപകൂടി അധികമായി കണ്ടെത്തേണ്ടിവരുന്നത്.
ഫെബ്രുവരിയിൽ ഒരു ഗഡു ക്ഷാമബത്ത നൽകുമെന്നാണു പ്രഖ്യാപനം. മൂന്നു ശതമാനം വരുന്ന ഒരു ഗഡു ഡിഎ നൽകാൻ 85 കോടി രൂപ വേണ്ടിവരും. പെൻഷൻകാർക്കു സമാനമായി ക്ഷാമാശ്വാസം നൽകണം. ഇതിന് 57 കോടി രൂപ വേണം. 142 ലക്ഷം രൂപയാണ് ഫെബ്രുവരിയിൽ അധികമായി കണ്ടെത്തേണ്ടത്. മാർച്ചിൽ 13 ശതമാനം ഡിഎയും ഡിആറും നൽകി കുടിശിക തീർക്കണമെന്നുണ്ടെങ്കിൽ 615 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.
ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്പോൾ 2024 ജൂലൈ മുതലുള്ള ശന്പള പരിഷ്കരണം നടപ്പാക്കാൻ ഇതിനു ശേഷമുള്ള ഡിഎ തടഞ്ഞുവയ്ക്കുമോ എന്നു വ്യക്തമല്ല. ഉത്തരവിറങ്ങിയാൽ മാത്രമേ ഇതു സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ കഴിയുകയുള്ളുവെന്നാണ് ധനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
ശന്പളപരിഷ്കരണം വരുന്നതോടെ ശന്പളവും പെൻഷനും നൽകാൻ 24,000 കോടിയോളം രൂപ പ്രതിവർഷം അധികമായി വേണ്ടിവരുമെന്നാണു സർക്കാർ കണക്ക്.
സംസ്ഥാനത്ത് 5.2 ലക്ഷം ജീവനക്കാരും 5.65 ലക്ഷം പെൻഷൻകാരുമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇവരുടെ ഡിഎയും ഡിആറും 13 ശതമാനം കുടിശികയാണ്. ഇതു വിതരണം ചെയ്യുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
അടുത്ത ആഴ്ചകളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ശന്പള പരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ കമ്മീഷനെ സർക്കാർ നിയോഗിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും കമ്മീഷനോട് ആവശ്യപ്പെടുക.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡിഎ അവകാശമല്ലെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎ സംസ്ഥാന ജീവനക്കാർക്ക് ഉള്ളതു തന്നെയാണ്. പക്ഷേ അതൊരു സ്റ്റാറ്റ്യൂട്ടറി അവകാശമാക്കി മാറ്റിയാലുള്ള സ്ഥിതി എന്താകുമെന്ന് പ്രതിപക്ഷത്തിനും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ നിയമസഭയിൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നിലയിൽ സർക്കാർ ഡിഎ നൽകാറുണ്ട്. അതു നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാരിന്റെ പൊതു നിലപാട് ഡിഎ കൊടുക്കുക എന്നതാണ്. അക്കാര്യത്തിൽ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷം പങ്കാളികളാകുന്നില്ല. കോണ്ഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം പങ്കെടുക്കരുതെന്ന നിലപാടും കേരളത്തിലെ നേതാക്കൾ സ്വീകരിച്ചു. അടുത്ത മാസം 12 നു നടക്കുന്ന ദേശീയ പണിമുടക്കിലും കേരളത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഐഎൻടിയുസിയെയും എസ്ടിയുവിനെയും വിലക്കി. ഇതിന്റെ പിന്നിലുള്ള താൽപര്യം ബിജെപിയെ സുഖിപ്പിക്കലാണ്. പലകാലങ്ങളിൽ കോണ്ഗ്രസ് ബിജെപിയോട് കാണിച്ച മൃദുസമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയ്ക്കെതിരേ എല്ലാകാലത്തും ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. വർഗീയതയെ എതിർത്താൽ അത് ഏതെങ്കിലും മതവിഭാഗത്തിന് എതിരാകുമോ എന്ന് ഇടതുപക്ഷം ചിന്തിക്കാറില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി എൽഡിഎഫ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്പോൾ എൽഡിഎഫ് ആ സമൂഹങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പടർത്തുകയാണ് യുഡിഎഫ്. നിലനിൽപിനു വേണ്ടി പ്രതിപക്ഷം എന്തും ആയുധമാക്കാൻ ശ്രമിക്കുന്നു. ഇത് ആത്മഹത്യാപരമാണ്.
കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഒരു വർഗീയ ശക്തികളും തലപൊക്കിയിട്ടില്ല. ഒരു വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല. വർഗീയ സംഘടനകൾ കേരളത്തിലില്ലാത്തതു കൊണ്ടല്ല ഇത്. അവരെ ചാരി ആരും നിൽക്കുന്നില്ല എന്നതാണ് അതിനു കാരണം. അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് സംരക്ഷണമില്ല. ആരായാലും വർഗീയ സംഘർഷത്തിന്റെ ഭാഗമായി മുന്നിട്ടിറങ്ങിയാൽ അതിനെതിരേ കർക്കശമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതു കൊണ്ടു തന്നെയാണ് വർഗീയ സംഘർഷങ്ങളില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളം എന്തോ വലിയ തെറ്റു ചെയ്തു എന്നാണ് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത്. രാജ്യത്തുള്ള ഏത് കോണ്ഗ്രസ് സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തത്. ആദ്യം വിട്ടുനിന്നവർ പോലും പിന്നീട് പദ്ധതിയുടെ ഭാഗമായെന്നും ഇക്കാര്യം സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കൾക്കറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരിക്കലും ഇവിടെ നടപ്പിലാകില്ല എന്നു പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അവിശ്വാസനീയമായ മാറ്റങ്ങൾ ഉണ്ടാക്കാനായി. ഇക്കാര്യങ്ങളും ഭാവിയെ കുറിച്ചുള്ള രൂപരേഖയും ജനങ്ങൾക്കു മുന്നിൽ കൃത്യമായി അവതരിപ്പിക്കും. ജനങ്ങളെ വ്യാമോഹിപ്പിക്കുക എന്ന അജൻഡ എൽഡിഎഫിനില്ല. എന്നാൽ പ്രതിപക്ഷം മുന്നിൽ കാണുന്നത് മഹാന്ധകാരം നിറഞ്ഞ ഭാവിയാണ്. അതിനാൽ ഒരു തരം രാഷ്ടീയ നിസഹായതയിലാണ് പ്രതിപക്ഷം. അതുകൊണ്ടാണ് അവർ സർക്കാരിനെതിരായി നുണപ്രചാരണം നടത്തുന്നത്.
വികസനത്തിന്റെ പാതയിൽ സർക്കാർ ഒരടി പോലും പിന്നോട്ടു വയ്ക്കില്ല. അതിനെതിരേ പ്രവർത്തിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.